കാര്‍ട്ടൂണ്‍ അക്കാദമിക്ക് കൂടുതല്‍ ഉത്തരവാദിത്തം വേണം

Web Desk
Posted on May 03, 2019, 9:56 pm

തൃശൂര്‍: കാര്‍ട്ടൂണ്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ കാര്‍ട്ടൂണ്‍ അക്കാദമി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍. തൃശൂര്‍ പ്രസ് ക്ലബ്ബും കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച് പ്രൊഫ. കെ. പി. ആന്റണി ട്രസ്റ്റ് സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ കാര്‍ട്ടൂണ്‍ അക്കദാമിയില്‍ സംഭവിച്ചിട്ടുള്ള കുറവുകള്‍ പരിഹരിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ്ബ് എം ആര്‍ നായര്‍ ഹാളില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അദ്ധ്യക്ഷനായി. ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ്, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. കെപി ആന്റണി ട്രസ്റ്റിന്റെ യേശുദാസന്‍ പുരസ്‌കാരം കേരള കൗമുദി കാര്‍ട്ടൂണിസ്റ്റ് ടികെ സുജിത്തിനും, ശ്രധീരന്‍ സ്മാരക പുരസ്‌കാരം എം മോഹന്‍ദാസിനും, പ്രൊഫ. കെ പി ആന്റണി പുരസ്‌കാരം അഞ്ജന്‍ സതീഷിനും സമ്മാനിച്ചു. പുരസ്‌കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രാഭത് സ്വാഗതവും വിന്‍സന്റ് കോടങ്കണ്ടത്ത് നന്ദിയും പറഞ്ഞു.
തൃശൂര്‍ പ്രസ് ക്ലബ്ബും കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച് പ്രൊഫ. കെപി ആന്റണി ട്രസ്റ്റ് സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരദാനം കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ നിര്‍വഹിക്കുന്നു. മന്ത്രി വിഎസ് സുനില്‍കുമാര്‍, ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ് എന്നിവര്‍ സമീപം