Janayugom Online
മലയാളത്തിലെ ആദ്യപോക്കറ്റ് കാര്‍ട്ടൂണായ കിട്ടുമ്മാവന്റെ അറുപതാം വാര്‍ഷികാഘോഷത്തില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മെമെന്റോ സമര്‍പ്പിക്കുന്നു

കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മന്ത്രിയുടേത് ഇടതുപക്ഷ സമീപനമല്ല: കാനം രാജേന്ദ്രന്‍

Web Desk
Posted on June 22, 2019, 9:11 pm

സ്വന്തം ലേഖകന്‍

കൊല്ലം: ലളിതകലാ അക്കാദമി നല്‍കിയ കാര്‍ട്ടൂണ്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജൂറിയുടെ തീരുമാനം അന്തിമമാണെന്നും അതിനെതിരെ സാംസ്‌കാരിക മന്ത്രി സ്വീകരിച്ച നിലപാട് നിര്‍ഭാഗ്യകരമാണെന്നും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. അവാര്‍ഡ് ലഭിച്ച, 2018 ഒക്‌ടോബറില്‍ ഒരുമാസികയുടെ മുഖചിത്രമായി വന്ന കാര്‍ട്ടൂണ്‍ ഇപ്പോള്‍ വിവാദമായതിന് പിന്നില്‍ ചില താല്‍പര്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അത്തരം കാര്യങ്ങളോട് സന്ധി ചെയ്യേണ്ട കാര്യമില്ല. മന്ത്രി എ കെ ബാലന്റേത് ഇടതുപക്ഷ സമീപനമല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

‘ജനയുഗ’വും കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച, മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണായ ‘കിട്ടുമ്മാവന്റെ’ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതചിഹ്നങ്ങളെ അപമാനിക്കാന്‍ പാടില്ലെന്നാണ് ചിലരുടെ വാദം. എന്നാണ് അംശവടി മതചിഹ്നമായത്? എല്ലാ പുരോഹിതര്‍ക്കും അംശവടിയില്ല. മതത്തിന്റെ ചിഹ്നം കുരിശാണ്. അധികാരത്തിന്റെ ചിഹ്നങ്ങളെ വിമര്‍ശിച്ചുകൂടെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല. അധികാരത്തിന്റെ ചിഹ്നങ്ങളെ വിമര്‍ശിക്കാന്‍ കലാകാരന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മതത്തിന്റെ നടപടികള്‍ അതിരുവിടുമ്പോള്‍ അതിനെതിരെ വിമര്‍ശനം ഉയരുന്നത് പൊതുസമൂഹത്തില്‍ നിന്നാണ്. ആവിഷ്‌ക്കാരസ്വാതന്ത്ര്യം ‘മീശ’ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രമാണോയെന്നും കാനം രാജേന്ദ്രന്‍ ആരാഞ്ഞു.

ലളിതകലാഅക്കാദമിയും സംഗീതനാടക അക്കാദമിയും പൂര്‍ണമായ സ്വാതന്ത്ര്യം ഉള്ള സമിതികളാണ്. അവയെ നിയന്ത്രിക്കുന്നത് ഗവണ്‍മെന്റാണെങ്കിലും അതിന് സ്വന്തമായി നിയമാവലിയുണ്ട്. അവാര്‍ഡ് തീരുമാനിച്ച് പ്രഖ്യാപിച്ച ശേഷം പാടില്ലെന്ന് പറഞ്ഞാല്‍ അതിനെതിരെ എതിര്‍പ്പുയരുന്നത് സ്വാഭാവികം മാത്രം. അവാര്‍ഡില്‍ പ്രതിഷേധിച്ച് ബിഷപ്പുമാരുടെ സംഘടനയായ കെസിബിസി ലളിതകലാഅക്കാദമിയുടെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ശ്രീലങ്കയിലെ ഭീകരാക്രമണത്തിനെതിരെ ഒരു അനുശോചന സമ്മേളനം പോലും കെസിബിസി നടത്തിയതായി അറിയില്ല. ഒരു പുതിയ തലത്തിലേക്ക് ജനാധിപത്യസമൂഹത്തെ കൊണ്ടുപോകാനാണ് ശ്രമം. സാമൂഹ്യപുരോഗതി തടസപ്പെടുത്തുന്ന ഒന്നിനോടും സന്ധി ചെയ്യുന്നതല്ല ഇടതുപക്ഷം. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കേണ്ടതെന്നും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യമെന്ന വാക്കിന്റെ അര്‍ഥം പൂര്‍ണമാകുന്നതെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

അവാര്‍ഡ് പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ ലളിതകലാഅക്കാദമി ചെയര്‍മാനും സെക്രട്ടറിയും രാജിവച്ച് പോകേണ്ടതായിരുന്നുവെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അഭിപ്രായപ്പെട്ടു. അവരിപ്പോള്‍ മന്ത്രിഓഫീസില്‍ കയറിയിറങ്ങുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ കാനം രാജേന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് സി ആര്‍ ജോസ്പ്രകാശ് അധ്യക്ഷത വഹിച്ചു. ‘വരയുടെ സ്വാതന്ത്ര്യം’ എന്ന വിഷയം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അവതരിപ്പിച്ചു. കാര്‍ട്ടൂണ്‍ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ജനയുഗം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍ നിര്‍വ്വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, കൗണ്‍സിലര്‍ എന്‍ മോഹനന്‍, സിപിഐ സിറ്റികമ്മിറ്റി സെക്രട്ടറി എ ബിജു, റാഫി കാമ്പിശ്ശേരി എന്നിവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി എസ് സുരേഷ് സ്വാഗതവും എ സതീശന്‍ നന്ദിയും പറഞ്ഞു. രാവിലെ ലൈബ്രറി ഹാളില്‍ നടന്ന കാര്‍ട്ടൂണ്‍ മത്സരം ജനയുഗം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍ രാജന്‍ ഉദ്ഘാടനം ചെയ്തു.

YOU MAY LIKE THIS VIDEO