സ്‌നേഹവരകള്‍ കൊണ്ട് ദുരിതാശ്വാസനിധി നിറച്ച് കാര്‍ട്ടൂണ്‍ക്ലബ് കൂട്ടായ്മ

Web Desk
Posted on October 03, 2019, 7:39 pm

ആലുവ: വേദനിക്കുന്നവര്‍ക്ക് തണലാവുന്നവരാണ് മലയാളികള്‍. അവരില്‍ പലരും നമ്മെ നന്മകൊണ്ട് ഞെട്ടിക്കാറുമുണ്ട്. പ്രളയബാധിതര്‍ക്ക് വസ്ത്രം ശേഖരിക്കാന്‍ വന്നവര്‍ക്ക് തന്റെ കടയില്‍ വില്പനയ്ക്ക് വെച്ചിരുന്ന തുണിത്തരങ്ങള്‍ ചാക്കുകളില്‍ നിറച്ച് നല്‍കി തന്റെ പെരുന്നാളാഘോഷം ഇങ്ങനെയാണെന്ന് പറഞ്ഞ നൗഷാദ് എന്ന വ്യക്തിയെ കേരളക്കര നെഞ്ചിലേറ്റി ‘നൗഷാദിക്ക’ എന്ന് ഏറെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അഭിസംബോധന ചെയ്യാന്‍ തുടങ്ങി. തിരുവനന്തപുരത്തുനിന്ന് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തത്ര ലോറികളില്‍ നിത്യോപയോഗ സാധനങ്ങള്‍ കയറ്റി അയച്ചപ്പോള്‍ സംസ്ഥാനമൊട്ടാകെ ആ ലോറിയില്‍ കണ്ടത് സ്‌നേഹമായിരുന്നു. അതിനു നേതൃത്വം നല്‍കിയ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് അങ്ങനെ കേരളത്തിന്റെ സ്വന്തം ‘മേയര്‍ ബ്രോ’ ആയി മാറി.
കേരളത്തിലെ വിവിധ ഭാഗങ്ങളിലെ കലാകാരന്മാര്‍ സ്‌നേഹ വരകള്‍ കൊണ്ട് മലയാളികളെ ഞെട്ടിച്ചു.
കാക്കനാട് കളക്ടറേറ്റില്‍ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയുടെയും സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെയും ലെഫ്റ്റ് സൈബര്‍ വിങ് ഓണ്‍ലൈന്‍ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ‘ഡ്രോ ഫോര്‍ കേരള’ എന്ന പേരില്‍ ലൈവ് ക്യാരിക്കേച്ചര്‍ ഷോ അസ്‌ലഫ് പാറേക്കാടന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സാധാരണക്കാരും കളക്ട്രേറ്റ് ജീവനക്കാരും ഉദ്യോഗസ്ഥരും അതില്‍ പങ്കാളികളായി. പരിപാടിയില്‍ സമാഹരിച്ച തുക എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി. കാക്കനാട് നടത്തിയ ക്യാമ്പയിന്‍ കളക്ടര്‍ എസ്.സുഹാസിന്റെ ക്യാരിക്കേച്ചര്‍ വരച്ചു നല്‍കിയാണ് അവസാനിപ്പിച്ചത്.

പിന്നീട് ലൈവ് കാരിക്കേച്ചര്‍ ഷോ മൂവാറ്റുപുഴയില്‍ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയുടെയും സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹസ്സന്‍ കോട്ടേപ്പറമ്പിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.  ലളിതകലാ അക്കാദമിയുടെയും പു.ക.സയുടെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂരില്‍ നടത്തിയ ലൈവ് ക്യാരിക്കേച്ചര്‍ ഷോ ആയിരുന്നു പിന്നീട് സംഘടിപ്പിക്കപ്പെട്ടത്. പ്രശസ്ത കഥാകൃത്ത് അശോകന്‍ ചരുവില്‍ അടക്കം നിരവധി ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ക്യാരിക്കേച്ചറുകള്‍ കൈക്കലാക്കിയത്. കേരളത്തിലെ ആലിംഗനം ചെയ്തു നില്‍ക്കുന്ന ക്യാരിക്കേച്ചറുകള്‍ കലാകാരന്മാര്‍ വരച്ചു നല്‍കുമ്പോള്‍ കലാകാരന്മാരെ കേരളം ആലിംഗനം ചെയ്യുന്നതായാണ് ആളുകള്‍ക്ക് അനുഭവപ്പെടുന്നത്. അത് വീണ്ടും തെളിയിക്കുകയായിരുന്നു ആര്‍ട്ടിസം ഗ്രൂപ്പുമായി യോജിച്ചുകൊണ്ട് തിരൂരില്‍ സംഘടിപ്പിച്ച ലൈവ് ക്യാരിക്കേച്ചര്‍ ഷോ. കേരളമാകെ സ്‌നേഹസ്വാന്തന വരകള്‍ കൊണ്ട് കലാകാരന്മാര്‍ മനോഹരമാക്കുകയായിരുന്നു എന്നതിന് വീണ്ടും ഉദാഹരണങ്ങള്‍ നല്‍കുന്ന ക്യാമ്പയിനുകളാണ് കാസര്‍ഗോഡ് ജില്ലയില്‍ മൈന്‍ഡ്‌ലോട്ട് എഡ്യൂക്കേഷന്റെയും കാസര്‍ഗോഡിനൊരു കൈത്താങിന്റെയും കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ മുജീബ് പട്‌ള നേതൃത്വം നല്‍കിയ ലൈവ് ക്യാരിക്കേച്ചര്‍ ഷോ.
വരകള്‍ കൊണ്ട് നാടാകെ സ്വാന്തനം വിതറുന്ന കലാകാരന്മാര്‍ നൗഷാദിക്കയുടെ എറണാകുളം ജില്ലയില്‍ നിന്നും തുടങ്ങിയ ‘ഡ്രോ ഫോര്‍ കേരള’ എന്ന ക്യാമ്പയിന്‍ അവസാനിപ്പിക്കുന്നത് മേയര്‍ ബ്രോയുടെ തിരുവനന്തപുരം ജില്ലയില്‍ വെച്ചായിരുന്നു. ‘ആര്‍ട്ട് ഇന്‍ നീഡ് ഈസ് ആര്‍ട്ട് ഇന്‍ഡീഡ് ’ എന്ന ക്യാപ്ഷനോടെ പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സനു സത്യന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിനില്‍ സിനിമ സംവിധായകനായ ഷാജി കൈലാസും ഭാര്യ ആനിയും പങ്കെടുത്തു. സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും ലഭിച്ച തുക അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറിയപ്പോള്‍ അവസാനം സംഘടിപ്പിച്ച ക്യാമ്പിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് ഇബ്രാഹിം ബാദുഷയും പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ സനു സത്യനും ചേര്‍ന്ന് കൈമാറി.

ഈ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭവനചെയ്യുന്നതിന് ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ കഴിഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഉസ്മാന്‍ ഇരുമ്പുഴിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കാര്‍ട്ടൂണ്‍ ക്ലബ് കൂട്ടായ്മയിലെ അംഗങ്ങളായ കാര്‍ട്ടൂണ്‍മാന്‍ ബാദുഷ, ജലാല്‍ അബുസമ, സിഗ്‌നി ദേവരാജ്, നൗഷാദ് വെള്ളിലശ്ശേരി എന്നിവര്‍ വ്യക്തിപരമായി ക്യാരിക്കേച്ചറുകള്‍ വരച്ചുനല്‍കി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ട്ടൂണിന്റെ ഉന്നമനത്തിനായി അനവധി നിരവധി പരിപാടികളാണ് കാര്‍ട്ടൂണ്‍ ക്ലബ് നടത്തിവരുന്നത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്യാമ്പയിനുകളില്‍ കാര്‍ട്ടൂണിസ്റ്റുകളായ ബഷീര്‍ കീഴ്‌ശ്ശേരി, കാര്‍ട്ടൂണ്‍മാന്‍ ബാദുഷ, ഹസ്സന്‍ കോട്ടേപ്പറമ്പില്‍, നിഷാന്ത് ഷാ, ഷാനവാസ് മുടിക്കല്‍, സന്തോഷ് ഇരിട്ടി, അസീസ് കരുവാരക്കുണ്ട്, നിസാര്‍ കാക്കനാട്, മുജീബ് പട്‌ള, നീരജ് ഹരി, വൈശാഖ് അനഗൂര്‍, സി.എല്‍.ഷദാബ്, നവിന്‍ നാരായണന്‍, ദിനേശ് മഞ്ചേരി എന്നിവരാണ് സ്‌നേഹവരകള്‍ കൊണ്ട് കേരളക്കരയെ വിസ്മയിപ്പിച്ചത്‌.

you may also like this video