പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ആക്ഷേപഹാസ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തമിഴ് മാധ്യമം വികടന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഈമാസം പത്തിന് പ്രസിദ്ധീകരിച്ച ചങ്ങലയില്‍ ബന്ധനസ്ഥനായി ട്രംപിനുസമീപം ഇരിക്കുന്ന മോഡിയുടെ ചിത്രമാണ് കേന്ദ്രത്തിന്റെ പ്രതികാരത്തിന് കാരണമായത്. ബിജെപി തമിഴ‌്നാട് ഘടകം പരാതിയുമായി എത്തിയതോടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം തടയുകയായിരുന്നു.
ഉപയോക്താക്കള്‍ വെബ്സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അതേസമയം വെബ്സൈറ്റ് നിരോധിച്ചതായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് മാധ്യമ ഗ്രൂപ്പ് പ്രതികരിച്ചു. അനധികൃത കുടിയേറ്റം നടത്തിയെന്ന പേരില്‍ 104 ഇന്ത്യക്കാരെ ചങ്ങലയില്‍ ബന്ധിച്ച് ഇന്ത്യയിലെത്തിച്ച മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്കെതിരെയുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് കാര്‍ട്ടൂണിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചതെന്നും വികടന്‍ മാനേജ്മെന്റ് അറിയിച്ചു.
കാര്‍ട്ടൂണ്‍ പുറത്തുവന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലെെ കേന്ദ്ര സര്‍ക്കാരിന് പരാതിയും നല്‍കി. തൊട്ടുപിന്നാലെയാണ് വെബ്സൈറ്റ് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വികടന്‍ നിരോധിച്ചതായി നാനാകോണുകളില്‍ നിന്ന് പരാതി ലഭിച്ചതായി മാധ്യമ പ്രതിനിധികള്‍ പ്രതികരിച്ചു. എന്നാല്‍ നിരോധനത്തിന്റെ കാരണവും ഔദ്യോഗിക അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വികടന്‍ ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു.
ഒരു നൂറ്റാണ്ടോളമായി അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്ന മാധ്യമ സ്ഥാപനമാണ് വികടന്‍. ഇതേമൂല്യം ഉയര്‍ത്തിപ്പിടിച്ച് ആരെയും ഭയക്കാതെ മുന്നോട്ട് പോകും. നിരോധനത്തിന്റെ അടിസ്ഥാനം എന്താണെന്ന് അന്വേഷിക്കും. ഇതിനായി ഐടി മന്ത്രാലയത്തെ സമീപിക്കുമെന്നും സ്ഥാപന ഉടമകള്‍ പറഞ്ഞു.
വികടന്‍ വെബ്സൈറ്റ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തമിഴ‌്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അപലപിച്ചു. അഭിപ്രായപ്രകടനം നടത്തുന്ന മാധ്യമങ്ങളെ നിരോധിക്കുന്ന നടപടി ജനാധിപത്യ അന്തസിന് നിരക്കുന്നതല്ലെന്ന് അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു. ഫാസിസ്റ്റ് ശക്തികളുടെ പ്രാകൃതനടപടിയാണ് ബിജെപി സ്വീകരിച്ചത്. നിരോധനം നീക്കംചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജവഹര്‍ലാല്‍ നെഹ്രു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള പ്രധാനമന്ത്രിമാരുടെ ഭരണകാലത്ത് അതിപ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഇവര്‍ക്കെതിരെ ആക്ഷേപഹാസ്യ കാര്‍ട്ടൂണുകളില്‍ ചത്രീകരിച്ചിരുന്നു. എന്നാല്‍ മോഡി ഭരണത്തില്‍ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം അഭിമുഖീകരിക്കുന്ന ഭീകരതയാണ് വികടന്‍ നിരോധനത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.