19 April 2024, Friday

പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതി യേശുദാസന്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 6, 2021 8:00 am

കാര്‍ട്ടൂണിസ്റ്റ് സി ജെ യേശുദാസന്‍ (83) അന്തരിച്ചു. കോവിഡ് ബാധിതനായി ഏതാനും ആഴ്ച്ചകള്‍ക്കു മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി വളരെയധികം മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ ആണ് അന്ത്യം.

ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ കാര്‍ട്ടൂണ്‍ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് യേശുദാസന്‍. പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതിയായ യേശുദാസന്‍ ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ ചരിത്രത്തെ കൂടിയാണ് വരകളിലൂടെ കോറിയിട്ടത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും മനസില്‍ ഒരു പോലെ കാര്‍ട്ടൂണ്‍ എന്ന കലയെ എത്തിക്കാനും ജനകീയമാക്കാനും യേശുദാസന് കഴിഞ്ഞിട്ടുണ്ട്. വരകളിലൂടെ കുറിക്ക് കൊള്ളുന്ന വിമര്‍ശനം ഉയര്‍ത്തുന്നതോടൊപ്പം വിഷയത്തെക്കുറിച്ച് ജനമനസുകളില്‍ ഗൗരവമേറിയ ചിന്തയ്ക്ക് വിത്തു പാകാനും യേശുദാസന്റെ കാര്‍ട്ടൂണുകള്‍ക്ക് സാധിച്ചിട്ടുണ്ട്.

ആലപ്പുഴ മാവേലിക്കരയ്ക്കു സമീപം ഭരണിക്കാവില്‍ 1938ല്‍ ജൂണ്‍ 12 നാണ് കുന്നേല്‍ ചക്കാലേത്ത് ജോണ്‍ മത്തായിയുടെയും മറിയാമ്മ (ആച്ചിയമ്മ)യുടെയും മകനായി സി ജെ യേശുദാസന്‍ ജനിച്ചത്. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. 1955ലാണ് ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത്. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അശോക എന്ന മാസികയിലായിരുന്നു അത്. 1960ല്‍ ജനയുഗം പത്രത്തില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടാണ് രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ ലോകത്തേക്ക് യേശുദാസന്‍ കടന്നത്. അദ്ദേഹത്തിന്റെ കിട്ടുമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ ദൈനംദിന രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നതും ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നതുമായിരുന്നു.

കുട്ടികള്‍ കഥാപാത്രങ്ങളായ ചന്തു എന്ന കാര്‍ട്ടൂണും അദ്ദേഹം ജനയുഗത്തില്‍ വരച്ചിരുന്നു. ചന്തു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഒരു പോലെ പ്രസിദ്ധമായിരുന്നു. ഇതിനു ശേഷമാണ് യേശുദാസന്‍ ശങ്കേഴ്സ് വീക്കിലിയുടെ ഭാഗമായത്. 1985ല്‍ അദ്ദേഹം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി മലയാള മനോരമയിലെത്തി. അസാധു, ടക് ടക്, ടിക്ടിക് എന്നീ പ്രസിദ്ധീകരണങ്ങള്‍ നടത്തി.

2013 ഡിസംബറില്‍ പോക്കറ്റ് കാര്‍ട്ടൂണുമായി ജനയുഗത്തിലെത്തിയ അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് വരെ വര തുടര്‍ന്നു. അവസാനമായി വരച്ചത് ഈ കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ജനയുഗം പോക്കറ്റ് കാര്‍ട്ടൂണിന് വേണ്ടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച വിരാട് കോലിയെ സംബന്ധിച്ചായിരുന്നു അത്. സെപ്റ്റംബര്‍ 18ലെ ജനയുഗത്തില്‍ അവസാനത്തെ ആ കാര്‍ട്ടൂണ്‍ അച്ചടിച്ചുവന്നു. സെപ്റ്റംബര്‍ 14ന് കോവിഡ് പോസിറ്റീവ് ആയി വിശ്രമത്തിലായിട്ടും 18വരെ കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ തുടര്‍ന്നു. കാര്‍ട്ടൂണിസ്റ്റിനൊപ്പം അടിയുറച്ച കമ്മ്യൂണിസ്റ്റായും ജീവിക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചത്. ആത്മാവ് പോലെയായിരുന്നു ജനയുഗം എന്ന് അദ്ദേഹം പറയുമായിരുന്നു. അണിയറ, പ്രഥമദൃഷ്ടി, പോസ്റ്റുമാര്‍ട്ടം, വരയിലെ നായനാര്‍ എന്നിങ്ങനെ പുസ്തങ്ങളും പ്രസിദ്ധീകരിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ സ്ഥാപക ചെയര്‍മാനും കേരള ലളിതകലാ അക്കാഡമിയുടെ മുന്‍ ചെയര്‍മാനുമാണ്.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് ശേഷം എറണാകുളം ചിറ്റൂര്‍ സെന്റ്‌മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. രാവിലെ എട്ട് മുതല്‍ 8.30 വരെ കളമശേരി ചങ്ങമ്പുഴ നഗറിലെ വസതിയിലും തുടര്‍ന്ന് 11 വരെ കളമശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തന് വയ്ക്കും.

 

Eng­lish Sum­ma­ry: Yesu­dasan, the polit­i­cal car­toon­ist has passed away.
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.