വിമാനത്താവളത്തില്‍ ജോലിയ്ക്കായി ഒരച്ഛന്‍ മകന് വേണ്ടി ചെയ്തതും ഒടുവില്‍ സംഭവിച്ചതും…

Web Desk
Posted on February 12, 2019, 6:34 pm

നീലേശ്വരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കരുവാച്ചേരിയിലെ കെ ജനാര്‍ദ്ദനന്റെ പരാതിയിലാണ് അജിത്കുമാര്‍, മനോജ്കുമാര്‍, ഐശ്വര്യ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

പത്രപരസ്യം കണ്ടാണ് ജനാര്‍ദ്ദനന്‍ മകന് ജോലിക്കുവേണ്ടി കഴിഞ്ഞ നവംബര്‍ 14നും ഡിസംബര്‍ 12നുമായി 3,17,500 രൂപ സിന്‍ഡിക്കേറ്റ് ബാങ്ക് മുഖേന ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. എന്നാല്‍ പിന്നീട് പറഞ്ഞ തീയ്യതിക്ക് ജോലി നല്‍കാനോ പണം തിരികെ നല്‍കാനോ മൂവരും തയ്യാറായില്ല. എന്നാല്‍ ഇതിനു ശേഷം ഇവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. തട്ടിപ്പ് നടത്തിയവരുടെ കൃത്യമായ വിലാസവും ഇവര്‍ക്കറിയില്ല.

നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇവരെക്കുറിച്ച് യാതൊരു സൂചനകളും ഇല്ലാത്തതിനാല്‍ ഇവരെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നു. സമാന രീതിയില്‍ ഈ സംഘം കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന.