Web Desk

ലഖ്‌നൗ

May 02, 2021, 8:32 pm

യുപിയിൽ രോഗികള്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ നൽകിയ യുവാവിനെതിരെ കേസ്

Janayugom Online

ഉത്തര്‍ പ്രദേശിലെ ജോന്‍പൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്ത യുവാവിനെതിരെ കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് 35കാരനായ വിക്കി അഗ്രിഹാരിക്കെതിരെ കേസെടുത്തത്. രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുമ്പോള്‍ വിക്കി പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും ഇയാള്‍ കോവിഡ് പരിശോധന നടത്തിയിരുന്നില്ലെന്നുമാണ് ജില്ലാ മെഡിക്കൽ വിഭാഗത്തിന്റെ ആരോപണം. കോവിഡ് പകരാൻ ഇത് കാരണമാകുമെന്നാണ് ചീഫ് മെഡിക്കൽ സൂപ്രണ്ട് നൽകിയ പരാതിയിൽ പറയുന്നത്.
ജോന്‍പൂര്‍ ജില്ലാ ആശുപത്രിക്കു പുറത്ത് ഓക്‌സിജന്‍ ലഭിക്കാതെ വലഞ്ഞ രോഗികള്‍ക്കാണ് വിക്കി സഹായമെത്തിച്ചത്. വിക്കി രോഗികളെ മനപൂര്‍വ്വം ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഈ രംഗങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തിയെന്നും അവര്‍ ആരോപിച്ചു.

ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് വിക്കിക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരാതിയിന്മേൽ നിയമനടപടികൾ എടുത്തുവരികയാണെന്ന് സ്ഥിരീകരിച്ച പൊലീസ്, പകർച്ചവ്യാധി നിയമം പ്രകാരമാവും നടപടിയെന്നും അറിയിച്ചു.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലായ ഒരു രോഗിയെ കഴിഞ്ഞ ദിവസം രാവിലെ ജോന്‍പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബെഡും ഓക്‌സിജനും ഇല്ലെന്നു പറഞ്ഞ് സ്വകാര്യ ആശുപത്രി ഈ രോഗിയെ മടക്കി അയച്ചെന്ന് വിക്കി പറഞ്ഞു. രോഗി ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ആശുപത്രി കെട്ടിടത്തിനു സമീപത്തു വച്ചു ആംബുലന്‍സിലെ ഓക്‌സിജന്‍ നല്‍കുകയായിരുന്നെന്നും ഇതുകണ്ട് ആശുപത്രിയില്‍ പ്രവേശനം കാത്തിരുന്ന നിരവധി പേരെത്തി ഓക്‌സിജനായി അഭ്യര്‍ത്ഥിച്ചു. താന്‍ കൊണ്ടു വന്ന രോഗിക്ക് ഓക്‌സിജന്‍ കിറ്റ് സജ്ജീകരിച്ച ശേഷം മറ്റു രണ്ടു രോഗികള്‍ക്കു കൂടി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്തി കൊടുത്തതായും വിക്കി പറഞ്ഞു.

ഇതിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ ഓക്‌സിജൻ സിലിണ്ടർ ക്ഷാമം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ നിരവധിയാളുകളാണ് ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ മരിച്ചുവീഴുന്നത്. എന്നാൽ ഓക്‌സിജൻ ക്ഷാമം നിലവിലില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാത്രമല്ല ഓക്സിജൻ ക്ഷാമമുണ്ടെന്ന് പറയുന്നവർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പും യോഗി നൽകിയിരുന്നു.

Eng­lish sum­ma­ry; Case against a young man who pro­vid­ed free oxy­gen to patients in UP

You may also like this video;