കലൂർ പാവക്കുളം അമ്പലപരിസരത്ത് നടന്ന സിഎഎ അനുകൂലപരിപാടിക്കിടെ വിമർശമുന്നയിച്ച യുവതിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ജനജാഗരണ സമിതിക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പേയാട് സ്വദേശിനി ആതിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാഴാഴ്ചയാണ് തന്നെ കൈയേറ്റം ചെയ്തതായി കാട്ടി യുവതി എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയത്. സംഘം ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസ്. അന്വേഷണം നടന്നുവരുന്നതായും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോർത്ത് പൊലീസ് അറിയിച്ചു.
വിഎച്ച്പി മാതൃസമിതിയുടെ നേതൃത്വത്തിൽ പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം. ബിജെപി വ്യവസായ സെൽ കൺവീനറും പരിപാടിയുടെ സംഘാടകയുമായ സജിനി നൽകിയ പരാതിയിൽ യുവതിക്കെതിരെയും കേസെടുത്തിരുന്നു. പരിപാടിക്കിടെ അതിക്രമിച്ചുകയറിയെന്ന് കാട്ടിയായിരുന്നു സജിനി നോർത്ത് പൊലീസിൽ പരാതി നൽകിയത്.
എതിരഭിപ്രായം ഉന്നയിച്ച യുവതിയെ സംഘം ചേർന്ന് കൈയേറ്റം ചെയ്യുന്നതിന്റെയും ഭീഷണി ഉയർത്തുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആതിര പ്രതിഷേധിക്കുന്നതും നിയമത്തെ അനുകൂലിക്കുകയായിരുന്ന സ്ത്രീകൾ സംഘം ചേർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്യുന്നതിന്റെ വീഡിയോദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതിനെതിരെ ശബ്ദമുയർത്തി നിരവധിപേർ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ സംഭാഷണത്തെ അടിസ്ഥാനമാക്കി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
അതേസമയം, അമ്പലത്തിൽ പ്രശ്നമുണ്ടാക്കിയ സ്ത്രീയുടേതെന്ന രീതിയിൽ തന്റെ ഫോട്ടോ ബിജെപി അംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ ചെറായി സ്വദേശിയായ യുവതിയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
English summary: Case against People’s Committee and BJP District Committee member
YOU MAY ALSO LIKE THIS VIDEO
;