അമ്മയെ അപമാനിച്ചുവെന്ന് മകന്റെ പരാതി: രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുത്തു

Web Desk
Posted on August 25, 2019, 5:51 pm

കാസര്‍കോട്: അമ്മയെ അപമാനിച്ചുവെന്ന മകന്റെ പരാതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്കെതിരെ കേസെടുത്തു. ഈസ്റ്റ് എളേരി മുത്താടിത്തട്ടിലെ പന്തമ്മാക്കല്‍ പി.എ വര്‍ഗീസാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിന്റെ സഹോദരന്റെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 14 ന് വൈകിട്ട് ചിറ്റാരിക്കാലില്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗത്തില്‍ ഇവരുടെ അമ്മയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചെന്ന് കാണിച്ച് ചിറ്റാരിക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ചിറ്റാരിക്കാല്‍ ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിംസ് പന്തമ്മാക്കലിനെ മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ കോണ്‍ഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് അടക്കം നാലുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ മണ്ഡലം പ്രസിഡന്റ് മാത്യു പടിഞ്ഞറേല്‍ പൊലീസ് പിടിയിലായി ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ചിറ്റാരിക്കാലില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് ഉണ്ണിത്താന്‍ പരസ്യമായി അധിക്ഷേപിച്ചതായി പരാതിയുള്ളത്. ഇത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രസംഗം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിവേണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. ചിറ്റാരിക്കാല്‍ പൊലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം കല്‍സ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

YOU MAY LIKE THIS VIDEO ALSO