Web Desk

March 21, 2020, 11:49 am

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത കനിക കപൂറിനെതിരെ കേസെടുത്തു- കോവിഡ് ഭീതി പാർലമെന്റിലും

Janayugom Online

കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്തു നിന്നെത്തിയിട്ടും സർക്കാർ നിർദേശങ്ങൾ പാലികക്കാതെ  പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് പൊലീസാണ് കേസെടുത്തത്. ഈ മാസം 15 നാണ് കനിക ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. കനിക വിമാനത്താവളത്തില്‍ വച്ച്‌ സ്‌ക്രീനിംഗിന് വിധേയ ആയില്ലെന്നാണ് റിപ്പോർട്ട്. കനികയുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനിക ലഖ്നൗവിലെ കിങ്ങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

ഞായറാഴ്ച ലണ്ടനില്‍ നിന്നെത്തിയ കനിക പിന്നീട് ലഖ്‌നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു. നൂറോളം ആളുകള്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയിലും അവര്‍ പങ്കെടുത്തു. ഇതില്‍ കനികയ്ക്കൊപ്പം ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ബോളിവുഡ് സെലിബ്രെറ്റികളും പങ്കെടുത്തിരുന്നു. ദുഷ്യന്ത് സിങ്ങുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും നിരവധി എംപിമാരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ എല്ലാവരും സ്വയം ക്വാറന്റൈനിലാണ്. ദുഷ്യന്ത് സിങ്ങിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ദുഷ്യന്ത് സിങ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം സത്കാരത്തില്‍ പങ്കെടുത്തത് ആശങ്ക കൂട്ടുന്നു. കനിക താമസിച്ചിരുന്ന ആഡംബര ഫ്‌ളാറ്റ് ക്വാറന്റൈന്‍ ചെയ്യാനും പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 400 ഓളം ആളുകളാണ് ഈ ദിവസങ്ങളിൽ കനികയുമായി സമ്പർക്കത്തിലേർപ്പെട്ടിരിക്കുന്നതെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

Eng­lish Sum­ma­ry: case against singer kani­ka kapoor

You may also like this video