നിയമസഭയിലെ വസ്തുക്കള്‍ തട്ടിയെടുക്കല്‍: മാപ്പ് പറഞ്ഞ ശേഷവും ആന്ധ്രാപ്രദേശ് സ്പീക്കറിനെതിരെ കേസെടുത്തു

Web Desk
Posted on August 26, 2019, 11:20 am

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍സ്പീക്കര്‍ കൊഡെല ശിവ പ്രസാദ് റാവുവിനെതിരെ കേസെടുത്തു. നിയമസഭാ മന്ദിരത്തിലെ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും ഗുണ്ടൂറിലെ തന്റെ വസതിയിലേക്ക് കൊണ്ടുപോയെന്ന് കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് നടപടി.
പൊതുജനസേവകന്റെ വിശ്വാസ വഞ്ചന, മോഷണമുതല്‍ കൈക്കലാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിയമസഭയിലെ സെക്ഷന്‍ ഓഫീസര്‍ ഈശ്വര റാവു തെലുങ്കുദേശം പാര്‍ട്ടിക്കെതിരെ പരാതി നല്‍കിയിരുന്നു.
നിയമസഭയിലെ വസ്തുക്കള്‍ കടത്തിയതായി കഴിഞ്ഞാഴ്ച മുന്‍സ്പീക്കര്‍ കുറ്റസമ്മതം നടത്തിയിരുന്നു. നിയമസഭയിലെ വസ്തുക്കളുടെ സൂക്ഷിപ്പുകാരന്‍ സ്പീക്കറാണെന്ന അവകാശവാദമുയര്‍ത്തിയാണ് എസിയടക്കമുള്ള വസ്തുക്കള്‍ സത്തനപ്പള്ളിയിലെ ഇയാളുടെ ഓഫീസ് ഉള്‍പ്പെടുന്ന വസതിയിലേക്ക് മാറ്റിയത്. ഹൈദരാബാദിലെ പഴയ നിയമസഭാ മന്ദിരത്തില്‍ നിന്ന് എടുത്തതായിരുന്നു ഇവ.
കുറ്റസമ്മതം നടത്തിയതോടെ ഉദ്യോഗസ്ഥര്‍ റാവുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പരിശോധിച്ചു. പരിശോധന തടയാന്‍ റാവുവിന്റെ ജീവനക്കാരും അഭിഭാഷകരും ശ്രമിച്ചെങ്കിലും നടന്നില്ല. 32 കസേരുകളും നാല് സോഫകളും മൂന്ന് മേശയും ഒരു ടീപ്പോയും അടക്കമുള്ള വിവിധ വസ്തുക്കള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. ഇവ ഹൈദരാബാദിലെ സ്പീക്കറിന്റെ ചേമ്പറില്‍ ഇട്ടാല്‍ അറ്റകുറ്റപ്പണികള്‍ നടത്താനാകില്ലെന്നായിരുന്നു റാവുവിന്റെ വിശദീകരണം. അവ അവിടെ സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ടാണ് ഇവ തന്റെ ക്യാമ്പ് ഓഫീസിലേക്ക് മാറ്റിയതെന്നും റാവു പറഞ്ഞു.
ഫര്‍ണിച്ചറും കമ്പ്യൂട്ടറും സംബന്ധിച്ച് തനിക്ക് നിയമസഭാ സെക്രട്ടറി കത്ത് നല്‍കിയിരുന്നെന്നും അതിന് താന്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും റാവു വിശദമാക്കി. ഇവ തിരിച്ച് നല്‍കാമെന്നും തങ്ങള്‍ ഉപയോഗിച്ചതിനാല്‍ വേണമെങ്കില്‍ ഇവയുടെ വില നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.