ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: അഭിനേതാക്കള്‍ക്കെതിരെ കേസ്

Web Desk
Posted on February 14, 2019, 10:50 pm
‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തില്‍ നിന്നും

പട്‌ന: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെ കേസ്. അനുപം ഖേര്‍, അക്ഷയ് ഖന്ന തുടങ്ങി പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചിത്രത്തില്‍ മന്‍മോഹനടക്കമുള്ളവരെ അപമാനിക്കുന്നുവെന്നാരോപിച്ച് സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ജില്ലാ കോടതിയുടെ ഉത്തരവു പ്രകാരം മുസഫര്‍പൂര്‍ പൊലിസാണ് കേസെടുത്തത്.
ജനുവരി 8ന് നടന്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കേസെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കോടതി ക്രാന്തി പൊലീസ് സ്റ്റേഷനിലേക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുക, ക്രിമിനല്‍ ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജനുവരി 11നാണ് ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ റിലീസ് ചെയ്തത്. ഗാന്ധി കുടുംബവുമായി മന്‍മോഹന്‍ സിങിനുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ മന്‍മോഹന്‍ സിങ് അടക്കമുള്ളവരെ അപമാനിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്.