കേന്ദ്ര മന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു: ഒരാൾ അറസ്റ്റിൽ

Web Desk

ജയ്‌പൂര്‍

Posted on July 17, 2020, 10:52 pm

രാജസ്ഥാൻ സർക്കാരിനെ മറിച്ചിടാൻ ശ്രമിച്ചെന്ന കോൺഗ്രസിന്റെ പരാതിയിൽ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെക്കാവത്തിനെതിരെയും വിമത കോൺഗ്രസ് എംഎൽഎമാരായ ഭൻവാർ ലാൽ ശർമ്മ, വിശ്വേന്ദ്ര സിങ്, ബിജെപി നേതാവ് സഞ്ജയ് ജെയിൻ എന്നിവർക്കെതിരെയും കേസെടുത്തു. സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്ന ഭൻവാർ ലാൽ, വിശ്വേന്ദ്ര സിങ് എന്നിവർ ഷെക്കാവത്തും ജെയിനുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ പുറത്തു വന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. രാജസ്ഥാനിൽ സർക്കാരിനെ മറിച്ചിടാനുള്ള പദ്ധതികളെ കുറിച്ചാണ് ഓഡിയോ ക്ലിപ്പിലുണ്ടായിരുന്നതെന്നാണ് സൂചന. ഈ ക്ലിപ്പ് പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പി (എസ്ഒജി) ന് പരാതി നൽകിയിരുന്നു. തുടർന്ന് ഷെക്കാവത്തിനും ജെയിനിനും എതിരെ എസ്ഒജി കേസെടുക്കുകയായിരുന്നു. ജെയിനിനെ അറസ്റ്റ് ചെയ്തു.

എന്നാൽ ഓഡിയോയിലുള്ളത് തന്റെ ശബ്ദമല്ലെന്നും ഏത് അന്വേഷണവും അഭിമുഖീകരിക്കാൻ തയ്യാറാണെന്നും ഷെക്കാവത്ത് പറഞ്ഞു. അതേസമയം ഭവൻ ലാൽ ശർമ്മയേയും മുൻ ടൂറിസം വകുപ്പ് മന്ത്രികൂടിയായിരുന്ന വിശ്വേന്ദ്ര സിങിനെയും കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇവരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് നടപടിയെന്ന് കോൺഗ്രസ് അറിയിച്ചു. പുറത്താക്കിയ എംഎൽഎമാർക്കെതിരെ കള്ളപ്പണ നിരോധന നിയമ പ്രകാരം കേസെടുക്കും. എംഎൽഎമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് രാജസ്ഥാൻ നിയമസഭാ ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു.

എംഎല്‍എമാര്‍ക്കെതിരെ 21 വരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി

സച്ചിന്‍ പൈലറ്റ് അനുഭാവികളായ എംഎല്‍എമാര്‍ക്കെതിരെ ഈ മാസം 21 വരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വിമതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് 20 വരെ കോടതി നീട്ടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് 21-ാം തീയതി വരെ നടപടിയെടുക്കരുതെന്ന് സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സി പി ജോഷി സച്ചിന്‍ പൈലറ്റടക്കമുള്ള 19 എംഎല്‍എമാര്‍ക്ക് അയോഗ്യത മുന്നറിയിപ്പ് നല്‍കികൊണ്ടുള്ള നോട്ടീസയച്ചത്.

നോട്ടീസിന് വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സച്ചിന്‍ പൈലറ്റ് പക്ഷത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി എന്നിവരാണ് ഹാജരായത്.

മുഖ്യമന്ത്രിയുടെ സ്വേച്ഛാധിപത്യപരമായ പ്രവര്‍ത്തനം സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു ആഭ്യന്തര പ്രശ്നമാണ്. അഭിപ്രായ സ്വാതന്ത്യം, ആഭ്യന്തര ചര്‍ച്ചകള്‍ എന്നിവ തടയാനുള്ള ശ്രമമാണ് സ്പീക്കറുടെ അയോഗ്യത മുന്നറിയിപ്പ് നോട്ടീസെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു. അഭിഷേക് മനു സിംഘ്‌വിയാണ് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് വേണ്ടി ഹാജരായത്.

Eng­lish sum­ma­ry: Case filed against two MLA’s in Rajasthan

You may also like this video;