Web Desk

ന്യൂഡൽഹി

June 05, 2020, 2:30 pm

ചാഹലിനെതിരായ ജാതീയ പരാമർശത്തിൽ യുവരാജിനെതിരെ പൊലീസ് കേസ്

Janayugom Online

ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെതിരെ ജാതീയ പരാമർശം നടത്തിയ മുൻ താരം യുവരാജ് സിങിനെതിരെ പൊലീസിൽ പരാതി. ദളിത് അവകാശ പ്രവ ര്‍ത്തകരടക്കം പരസ്യമായി യുവരാജിനെതിരെ രംഗത്ത് വന്നിരുന്നു. ഹരിയാനയിലെ ഹിസാറിലുള്ള ഹന്‍സി പൊലീസ് സ്റ്റേഷനിലാണ് യുവരാജിനെതിരെ അഭിഭാഷകന്‍ കൂടിയായ രജത് കല്‍സാന്‍ പരാതി നല്‍കിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്.

ദിവസങ്ങൾക്കു ശേഷം ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആരാധകർ യുവരാജിനെതിരെ തിരിഞ്ഞത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം ലൈവിനിടെ യുവരാജ് ഉപയോഗിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആളുകളാണ് യുവരാജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, യുവരാജ് സിങ് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

യുവരാജ് വിവാദ പരാമർശം നടത്തുമ്പോൾ തിരുത്താൻ ശ്രമിക്കാതിരുന്ന രോഹിത് ശർമയ്‌ക്കെതിരെയും വിമർശനമുണ്ട്. യുവരാജിനെതിരെ പരാതി നൽകിയ രജത് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. വിവാദ പരാമർശത്തിൽ യുവരാജിനെ അറസ്റ്റ് ചെയ്യണമെന്നും രജത് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, സംഭവം അന്വേഷിക്കാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി ഹാൻസി എസ്പി ലോകേന്ദ്ര സിങ് വ്യക്തമാക്കി.

തങ്ങളുടെ ലോകകപ്പ് ഹീറോയില്‍ നിന്ന് ഇത്തരമൊരു കാര്യം തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്ന് പല ആരാധകരും കുറിച്ചു. അതേസമയം, അര്‍ബുദത്തെ പോലും തോല്‍പ്പിച്ച യുവരാജിന് ജാതീയമായുള്ള ചിന്തകളെ തോല്‍പ്പിക്കാന്‍ ഇനിയുമായിട്ടില്ലെന്നും ഏറെ പ്രിയപ്പെട്ട യുവരാജില്‍ നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും മറ്റ് ചിലരും എഴുതി.
Eng­lish sum­ma­ry: Case filed against yuvraj singh.

You may also like this video: