Janayugom Online
rahul easwar

കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ്

Web Desk
Posted on October 26, 2018, 7:00 pm
കൊച്ചി: ശബരിമല വിഷയത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 117, 153, 118 ഇ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബുധനാഴ്ച എറണാകുളം പ്രസ്സ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ 20 പേരെ നിയോഗിച്ചിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രശാന്ത് എന്നയാള്‍ സിറ്റി പൊലീസ് കമ്മിഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കുകയായിരുന്നു.
കലാപത്തിന് ആഹ്വാനം ചെയ്തു എന്ന കുറ്റത്തിന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ ഈശ്വറിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തിരുന്നു. 22‑നാണ് രാഹുല്‍ ഈശ്വറിന് റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.