ശക്തരും ധനികരും ഉള്‍പ്പെട്ട കേസുകള്‍ മുന്‍ഗണനയോടെ പരിഗണിക്കാന്‍ കഴിയില്ല: സുപ്രീം കോടതി

Web Desk
Posted on August 21, 2019, 3:32 pm

ന്യൂ ഡൽഹി:  ശക്തരും ധനികരും ഉള്‍പ്പെട്ട കേസുകള്‍ മുന്‍ഗണനയോടെ പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ വിധി റക്കാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ധനികര്‍ ഉള്‍പ്പെട്ട കേസുകള്‍ അടിയന്തിരമായി പരിഗണിക്കാനോ കേസുകള്‍ പെട്ടന്ന് തീര്‍പ്പാക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതികള്‍ക്കും വിചാരണ കോടതികള്‍ക്കും നല്‍കാനാവില്ലെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ആത്മഹത്യാ പേരണ കുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സ്വദേശിയുടെ ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചത്. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ എത്തിയത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും സുപ്രീം കോടതി നിരീക്ഷിച്ചു. തങ്ങളുടെ കേസുകള്‍ പെട്ടന്ന് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനിക വിഭാഗത്തില്‍പ്പെട്ടവര്‍ കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഇത് ചെയ്യാന്‍ തയ്യാറല്ലെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.