വിവാഹേതര ബന്ധം തുടരാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ഹോട്ടൽ മുറിയിൽ വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരുവിലെ ഒരു ഹോട്ടൽ മുറിയിൽവെച്ചാണ് രണ്ട് കുട്ടികളുടെ അമ്മയായ ഹരിണിയെയാണ്(33) മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഐടി ജീവനക്കാരനായ യഷസിനെ(25) പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 6‑ന് വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂർണപ്രജ്ഞ ഹൗസിംഗ് സൊസൈറ്റി ലേഔട്ടിലുള്ള ഒരു ഹോട്ടൽ മുറിയിൽവെച്ച് ഹരിണിയും യഷസും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഹരിണിയുടെ ഭർത്താവും ബന്ധുക്കളും ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് യഷസുമായുള്ള കൂടിക്കാഴ്ചകളും ഫോൺ വഴിയുള്ള ആശയവിനിമയങ്ങളും ഹരിണി താത്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, അടുത്തിടെ ഇരുവരും ബന്ധം പുനരാരംഭിക്കുകയും അവസാനമായി ഒരു തവണകൂടി ഹോട്ടൽ മുറിയിൽവെച്ച് കാണാൻ തീരുമാനിക്കുകയും ചെയ്തു. ഹോട്ടൽ മുറിയിലെത്തിയ ഹരിണിയോട് ബന്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് യഷസ് പറയുകയായിരുന്നു. എന്നാൽ, ബന്ധം അവസാനിപ്പിച്ചേ മതിയാകൂ എന്ന് ഹരിണി നിർബന്ധം പിടിച്ചതോടെ യഷസ് കൈവശം സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഹരിണിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഹരിണിയെ 13 തവണ കുത്തിയെന്ന് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഹരിണിയെ കൊലപ്പെടുത്തിയ ശേഷം പോലീസിനെ വിവരമറിയിച്ചതും യഷസ് തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.