ബാങ്ക് അക്കൗണ്ട് ഏതുമാകട്ടെ ഇനിമുതല്‍ പോസ്‌റ്റോഫീസില്‍ നിന്നും തുക പിന്‍വലിക്കാം, ഇങ്ങനെ

Web Desk
Posted on October 05, 2019, 5:54 pm

സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം: അക്കൗണ്ട് ഉടമയക്ക് തങ്ങളുടെ ഏത് ബാങ്കിലെ അക്കൗണ്ടില്‍ നിന്നും തുക പോസ്‌റ്റോഫീസില്‍ നിന്നും പിന്‍വലിക്കുവാന്‍ സാധിക്കും. വിരലടയാളവും ആധാര്‍ നമ്പറും ഉണ്ടെങ്കില്‍ തങ്ങളുടെ പ്രധാന ബാങ്കിലെ അക്കൗണ്ടില്‍ നിന്നും രാജ്യത്തെ ഏത് പോസ്‌റ്റോഫീസില്‍ എത്തി ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം (എഇപിഎസ്)വഴി 10,000 വരെ തുക പിന്‍വലിക്കുവാന്‍ കഴിയും.

ഇത്തരത്തില്‍ തുക പിന്‍വലിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജ് പ്രാരംഭ ഘട്ടത്തില്‍ തപാല്‍ വകുപ്പ് ഈടാക്കുന്നില്ല. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പോസ്റ്റ്മാന്‍ മുഖാന്തിരവും ഇത്തരത്തില്‍ തുക പിന്‍വലിക്കുന്നതിന് സാധിക്കും. വിനോദസഞ്ചാരികള്‍, പ്രായമായവര്‍ അടക്കമുള്ളവര്‍ക്ക് എഇപിഎസ് വഴി തുക പിന്‍വലിക്കല്‍ കൊണ്ട് ഏറെ പ്രയോജനം ഉണ്ടാകുക. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തപാല്‍ വകുപ്പിന്റെ പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്.

ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അവരുടെ സബ്‌സിഡികള്‍ ലഭിക്കുന്ന അക്കൗണ്ടില്‍ നിന്നും മാത്രമേ തുക പിന്‍വലിക്കുവാന്‍ കഴിയുകയുള്ളു. വിരലടയാളവും ആധാര്‍ നമ്പറും ഉപയോഗിക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ലായെന്നതും ഇതിന്റെ പ്രത്യേകതയാണ്. രാജ്യത്ത് ബാങ്കിന്റെ സേവനം ലഭ്യമാകാത്ത മേഖലകളില്‍ പോലും തപാല്‍ വകുപ്പിന്റെ സേവനം ലഭ്യമാകുന്നുണ്ട്. അതില്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയാണ് രാജ്യത്ത് നടപ്പിലാക്കിയതോടെ തപാല്‍വകുപ്പ് കൂടുതല്‍ ജനഹൃദയം കീഴടക്കുന്നു.

aeps camp

കട്ടപ്പനയില്‍ എഇപിഎസ് മേള സെന്ററില്‍