ലാഭം കൊയ്ത് ഗൂഗിൾ പേ, ക്യാഷ്ബാക്കുകള്‍ക്ക് ചിലവായത് കോടിക്കണക്കിന് രൂപ

ചുരുങ്ങിയ സമയംകൊണ്ടു ഇന്ത്യയിലൊട്ടാകെ പടർന്നു പിടിച്ച പെയ്മെന്റ് ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ഓരോ ഇടപാടിനും ക്യാഷ്ബാക്കുകള്‍ വാരിക്കോരി നല്‍കിയാണ് ഗൂഗിള്‍ പേ ഇന്ത്യന്‍ ഉപയോക്താക്കളെ ആകര്‍ഷിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്യാഷ് ബാക്കുകള്‍ക്കായി മാത്രം 1,028 കോടി രൂപയാണ് ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് ചിലവഴിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രഥമസ്ഥാപനമായ ഗൂഗിള്‍ ഏഷ്യ പസിഫിക്കില്‍ നിന്നാണ് കമ്പനിക്ക് ഈ തുക ലഭിച്ചത്. പ്രതിവര്‍ഷം 110 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് ഗൂഗിള്‍ പേയില്‍ നടക്കുന്നത്.
കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ക്യാഷ്ബാക്കുകള്ക്കായി 1,369 രൂപ ഗൂഗിള്‍ പേ ചിലവഴിച്ചിട്ടുണ്ട്. ഇതേസമയം, അഞ്ചു കോടിയിലേറെ രൂപ ലാഭത്തിലാണ് ഗൂഗിള്‍ ഇന്ത്യാ ഡിജിറ്റല്‍ സര്‍വീസസ് 2019 മാര്‍ച്ച് പിന്നിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തൊക്കെ തന്നെ ആയാലും ഇന്ത്യയില്‍ അതിവേഗ വളര്‍ച്ചയാണ് ഗൂഗിള്‍ പേ വരിക്കുന്നത്. പോയമാസം 67 മില്യണ്‍ ഉപയോക്താക്കള്‍ (പ്രതിമാസ ആക്ടിവ് യൂസേഴ്സ്) ഇടപാടുകള്‍ക്കായി ഗൂഗിള്‍ പേ ഉപയോഗിച്ചെന്നാണ് കമ്പനിയുടെ കണക്ക്. പ്രധാന എതിരാളിയായ ഫോണ്‍പേയ്ക്ക് പോലും 55 മില്യണ്‍ ഉപയോക്താക്കളെ പ്രതിമാസമുള്ളൂ (ജൂണിലെ കണക്ക് പ്രകാരം).
ഗൂഗിള്‍ പേയിലെ 60 ശതമാനം ഇടപാടുകളും പെയ്മെന്റ് ഗേറ്റുവേ ഉപയോഗിച്ചാണ് നടക്കുന്നത്. ഫോണ്‍പേയുടെ പെയ്മെന്റ് ഗെറ്റുവേ ഇടപാടുകള്‍ എത്തിനില്‍ക്കുന്നത് 23 ശതമാനത്തിലും. ഗൂഗിള്‍ പേ, ഫോണ്‍പേ എന്നീ ആപ്പുകൾക്ക് പിന്നിലായി ഫോമ് പേയും ഉണ്ട്.