Web Desk

നീലേശ്വരം

January 12, 2021, 7:06 pm

സോളാര്‍ പദ്ധതിക്ക്‌ വേണ്ടി ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം. എ.ഐ.ടി.യു.സി

Janayugom Online

ചീമേനിയിലെ നിര്‍ദ്ദിഷ്ട സോളാര്‍ പദ്ധതിക്ക്‌ വേണ്ടി, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ 200 ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന്‌ കാസര്‍കോട്‌ ഡിസ്‌ട്രിക്‌ട്‌ റബ്ബര്‍ ആന്റ്‌ കാഷ്യു ലേബര്‍ യൂണിയന്‍ ജില്ല സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.1969ല്‍ തൊഴിലാളികള്‍ക്ക്‌ ജോലി നല്‍കുന്നതിനു വേണ്ടി അനുവദിച്ചതാണ്‌ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍. എന്നാല്‍ ഇപ്പോള്‍ ഏത്‌ പദ്ധതി വന്നാലും ഉടന്‍ ഭൂമി കണ്ടെത്തുന്നത്‌ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നാണ്‌. ഇത്‌ നിലവിലുള്ള തൊഴിലാളികളുടെ ജോലി പോലും ഇല്ലാതാക്കും. അതു കൊണ്ട്‌ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഭൂമി മറ്റ്‌ ആവശ്യങ്ങള്‍ക്കു വേണ്ടി പിടിച്ചെടുക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. ചീമേനി വ്യാപാരഭവനില്‍ നടന്ന സമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി സി.പി.മുരളി ഉദ്‌ഘാടനം ചെയ്‌തു. എ.ഐ.ടി.യു.സി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.വി.കൃഷ്‌ണന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മാരായ പി.വിജയകുമാര്‍, എ.അമ്പൂഞ്ഞി, തൃക്കരിപ്പൂര്‍ മണ്ഡലം അസി.സെക്രട്ടറി സി.വി.വിജയരാജ്‌, കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്ത്‌ അംഗം കെ.ബി. വീണ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.എസ്‌.കുര്യാക്കോസ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഷീബ രക്തസാക്ഷി പ്രമേയവും പി.അഷ്‌റഫ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട്‌ എം.എസ്‌.വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.രാജന്‍ പൊതാവൂര്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എം.എസ്‌.വാസുദേവന്‍(പ്രസിഡണ്ട്‌), അഭിലാഷ്‌ പി.കെ, അനിത കെ.വി, ജോസഫ്‌ പെരുനിലക്കല്‍(വൈസ്‌ പ്രസിഡണ്ടുമാര്‍), കെ എസ്‌ കുര്യാക്കോസ്‌(സെക്രട്ടറി), പി.അഷ്‌റഫ്‌, പി.രാധാകൃഷ്‌ണന്‍(ജോ. സെക്രട്ടറി), പി.നാരായണന്‍(ട്രഷറര്‍)