വേനലില്‍ കുളിരേകാന്‍ ഇനി രുചിയാര്‍ന്ന കശുമാങ്ങ സോഡയും. തൃശൂര്‍ മടക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രത്തിലാണ് ഈ സോഡ വികസിപ്പിച്ചെടുത്തത്. മറ്റു പഴങ്ങളെ പോലെ പോഷക സമ്പന്നമാണ് കശുമാങ്ങയെങ്കിലും കറയുള്ളത് കൊണ്ട് വ്യാപകമായി ഉപയോഗിക്കുന്നില്ല. ഈ കുറവ് പരിഹരിക്കാന്‍ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തില്‍ നിരവധി മൂല്യവര്‍ധിത ഉല്പന്നങ്ങള് തയ്യാറാക്കുന്നുണ്ട്.
കശുമാങ്ങയുടെ കറ കളഞ്ഞ് അതില്‍ നിന്നുണ്ടാക്കുന്ന രുചിയേറിയ വിഭവങ്ങളില്‍ താരമാണ് ഈ പാനീയം. ശേഖരിച്ച കശുമാങ്ങ കഴുകി വൃത്തിയാക്കി മെഷീനില്‍ പിഴിഞ്ഞ് പഴച്ചാര്‍ ശേഖരിക്കുന്നു. ഇതില്‍ കഞ്ഞിവെള്ളം ഒഴിച്ചോ, ചവ്വരി കുറുക്കി ചേര്‍ത്തോ മാങ്ങയുടെ ചവര്‍പ്പ് മാറ്റും. ഒരുകിലോ പഴച്ചാറിലേക്ക് അഞ്ച് ഗ്രാം പൊടിച്ച ചവ്വരി വെള്ളത്തില്‍ കുറുക്കി തണുപ്പിച്ചത് ഒഴിച്ച് നന്നായി ഇളക്കും. ചവര്പ്പിന് കാരണമായ ടാനിന് താഴെ അടിഞ്ഞു കൂടും.
തെളിഞ്ഞ നിറമില്ലാത്ത നീര് മുകളില്‍ നിന്നും ഊറ്റിയെടുക്കും. ഇതില്‍ ആവശ്യമായ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്ത് ഏറെക്കാലം സൂക്ഷിച്ചുവെയ്ക്കാം.ഈ തെളിനീരില്‍ ഇരട്ടി അളവില്‍ പഞ്ചസാര ചേര്‍ത്ത് സിറപ്പാക്കി മാറ്റും. ഈ സിറപ്പ് ഒരു വര്‍ഷം വരെ കേടു കൂടാതെ ഇരിക്കും. ഇതില്‍ കാര്‍ബണേറ്റഡ് വെള്ളം ചേര്‍ത്താല്‍ രുചിയുള്ള കശുമാങ്ങ സോഡയാകും.
YOU MAY ALSO LIKE THIS VIDEO