25 April 2024, Thursday

Related news

April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024

ജാതി സെന്‍സസ്; ബിജെപിയെ പ്രതിസന്ധിയിലാക്കി ഘടകകക്ഷികള്‍

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
September 26, 2021 3:09 pm

ജാതി സെന്‍സസ് നടത്തില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ വെട്ടാനുറച്ച് എന്‍ഡിഎ കക്ഷികള്‍. കേന്ദ്ര മന്ത്രി കൂടിയായ രാംദാസ് അത്തവാലെ ജാതി സെന്‍സസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്‍ഡിഎ കക്ഷികളായ ജെഡിയുവും അപ്‌നാദളും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. പ്രതിപക്ഷമാകെ സെന്‍സസ് വേണമെന്ന ആവശ്യത്തിലാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യം കൂടി വന്നതോടെ ബിജെപി ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്. സെന്‍സസ് ജാതിയെ അടിസ്ഥാനമാക്കിയാവണമെന്നാണ് എന്റെ പാര്‍ട്ടിയുടെ ആവശ്യമെന്ന് അത്തവാലെ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനെ കുറിച്ച് ചിന്തിക്കണമെന്നും അത്തവാലെ ആവശ്യപ്പെട്ടു. അതേസമയം ദളിത്-ഒബിസി വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ ഈ ആവശ്യം ശക്തമാക്കിയതോടെ ബിജെപി ആകെ പ്രതിസന്ധിയിലാണ്. ഇത് നടപ്പാക്കിയാലും ഇല്ലെങ്കിലും ബിജെപിക്ക് പ്രശ്‌നങ്ങളുണ്ടാവും. നിതീഷ് കുമാറും തേജസ്വി യാദവും ഈ വിഷയത്തില്‍ കൈകോര്‍ത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരുവരും കാണുകയും ചെയ്തു. എന്നാല്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് ജാതി സെന്‍സസ് നടത്തുന്നത് ഗുണകരമാകില്ലെന്നാണ്. ജാതി സെന്‍സസ് കൊണ്ട് ഒരിക്കലും ജാതീയത വളരില്ലെന്ന് അത്തവാലെ പറയുന്നു.

സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിട്ടുണ്ട്.രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കേന്ദ്രത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. അനാവശ്യ ഒഴിവുകള്‍ പറഞ്ഞ് കേന്ദ്രം ജാതി സെന്‍സസ് നടത്താതിരിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ജാതി സെന്‍സസ് ദേശീയ വിഷയമാണെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ജാതി സെന്‍സസിനെ പിന്തുണച്ചു. ജനസംഖ്യശാസ്ത്രത്തെ കുറിച്ച് രാജ്യത്തെ ജനങ്ങള്‍ അറിഞ്ഞിരിക്കണം. ഏതൊക്കെ വിഭാഗം ജനങ്ങളാണ് ഇന്ത്യയില്‍ ഉള്ളതെന്നും അറിയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. ഇന്ന് രാജ്യത്ത് നടക്കുന്ന വികസന മോഡലില്‍ ഒരു വിഭാഗം സമൂഹത്തെ ഉള്‍പ്പെടുത്തുന്നില്ലെന്ന് ഹേമന്ത് സോറന്‍ തുറന്നടിച്ചു.ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യം കിട്ടുമ്പോള്‍ മറ്റൊരു വിഭാഗം ഒന്നും കിട്ടാത്ത അവസ്ഥയിലാണ്. തുല്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍, വിഭവങ്ങളില്‍ എല്ലാവര്‍ക്കും തുല്യ അവകാശത്തിനായി ജാതി സെന്‍സസ് അത്യാവശ്യമാണെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. പ്രതിനിധി സംഘത്തെയും കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനാണ് ഹേമന്ത് സോറന്റെ തീരുമാനം.

 


ഇതുകൂടി വായിക്കു:ഗോസംരക്ഷണം വെറും പ്രഹസനം: പശുക്കളെ ഏറ്റവും കൂടുതല്‍ കൊല്ലുന്നത് ബിജെപി, തെളിവുകള്‍ പുറത്ത്


 

ലാലു പ്രസാദ് യാദവുമായും മീസാ ഭാരതിയുമായും ദില്ലിയില്‍ വെച്ച് ഒരു കൂടിക്കാഴ്ച്ച സോറന്‍ നടത്തി കഴിഞ്ഞു. വ്യക്തിപരമായ കൂടിക്കാഴ്ച്ചയാണ് നടത്തിയതെന്നും, തനിക്ക് ഇളയ സഹോദരനെ പോലെയാണ് ഹേമന്തെന്നും ലാലു പറഞ്ഞു.ആരോഗ്യനില പരിശോധിക്കാന്‍ കൂടിയാണ് ഹേമന്ത് എത്തിയതെന്നും ലാലു വ്യക്തമാക്കി. എന്‍ഡിഎ കക്ഷിയായി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയും ജാതി സെന്‍സസിനെ പിന്തുണയ്ക്കുന്നുണ്ട്. സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജാതി സെന്‍സസ് അത്യാവശ്യമാണെന്ന് മാഞ്ചി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മാഞ്ചി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബിജെപി ഈ വിഷയത്തില്‍ രംഗത്തെത്തിയിരുന്നു. സ്വന്തം സംഘടനയില്‍ വിവിധ ജാതികള്‍ക്ക് എത്രത്തോളം പ്രാതിനിധ്യം ഈ പാര്‍ട്ടികള്‍ നല്‍കിയിട്ടുണ്ടെന്ന് ബിജെപി ചോദിച്ചു.

ENGLISH SUMMARY:Caste cen­sus; The BJP is in crisis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.