Monday
25 Mar 2019

നവകേരള സൃഷ്ടിയെ തകര്‍ക്കാന്‍ ചില വര്‍ഗീയ സംഘടനകള്‍ ശ്രമിക്കുന്നു: കാനം രാജേന്ദ്രന്‍

By: Web Desk | Thursday 13 December 2018 10:41 AM IST


പ്രളയകാലത്ത് കേരളത്തില്‍ രൂപപ്പെട്ട അന്യാദൃശ്യമായ ഒരുമ തകര്‍ക്കാന്‍ ചില ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുകയാണ് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. യുവകലാസാഹിതി യുഎഇയുടെ ഷാര്‍ജ ഘടകം സംഘടിപ്പിച്ച യുവകലാസന്ധ്യയുടെ സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ കാലഘട്ടത്തില്‍ ഉള്ളവര്‍ കണ്ടിട്ടില്ലാത്ത അത്ര വലിയ പ്രളയമാണ് കേരളത്തില്‍ ഉണ്ടായത്. ലോകമെമ്പാടുമുള്ള മലയാളികളുടെയും സുമനസ്സുകളുടെയും പിന്തുണ കൊണ്ട് ഒരു പുതിയ കേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെ തകര്‍ക്കുവാന്‍ ചില വര്‍ഗീയ സംഘടനകള്‍ ശ്രമിക്കുകയാണ്. ഇതിനെ ഒറ്റക്കെട്ടായി നേരിടാനുള്ള കരുത്ത് കേരളത്തിന്റെ പൊതുസമൂഹത്തിന് ഉണ്ട്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും മറ്റും നടത്തിയ നവോത്ഥാന പോരാട്ടങ്ങളാണ് കേരളത്തിന് ആ കരുത്ത് നല്‍കിയത്. ഇത്തരം പ്രതിരോധങ്ങള്‍ക്ക് സാംസ്‌കാരികമായ പിന്തുണ നല്‍കുവാന്‍ യുവകലാസാഹിതി പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹികമായ ബാധ്യതയുണ്ട് എന്നും അവരത് നിറവേറ്റുന്നുണ്ട് എന്നും കാനം അഭിപ്രായപ്പെട്ടു