കൊറോണ വ്യാപനത്തെ തുടർന്നുള്ള സമ്പർക്ക അകലം, അടച്ചിടൽ എന്നിവയെക്കാൾ ഭയാനകമായി ഇന്ത്യയിൽ ഇപ്പോഴും ജാതി വിവേചനം തുടരുന്നതായി റിപ്പോർട്ട്. അന്ധ്രാപ്രദേശിലെ വിജയവാഡയിലെ പട്ടികജാതിക്കാരായ യനാദി ജാതിക്കാരെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻപോലും അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസം ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ഒരു കിലോമീറ്റർ കാൽനടയായി എത്തിയപ്പോൾ ഉന്നത ജാതിക്കാർ അനുവദിച്ചില്ലെന്നാണ് ഈ വിഭാഗത്തിൽപ്പെട്ട പോലമ്മ പറയുന്നത്. പാഴ്വസ്തുക്കൾ ശേഖരിച്ച് വിറ്റാണ് യനാദി സമുദായക്കാരിൽ ഭൂരിഭാഗവും അന്നത്തിന് വക കണ്ടെത്തുന്നത്. താമസിക്കുന്നത് ക്ഷീര സംസ്കരണ കേന്ദ്രത്തിന് സമീപത്താണ്. എന്നാൽ കുറഞ്ഞ ജാതിക്കാരിയെന്ന കാരണത്താൽ സ്ഥാപന ഉടമകളായ സവർണർ തന്റെ പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകാൻ ഒരു തുള്ളി പാൽ വാങ്ങാൻ അനുവദിക്കുന്നില്ലെന്ന് പോലമ്മ പരിതപിക്കുന്നു. 1950ൽ ജാതിയുടെ പേരിലുള്ള വിവേചനം നിർമ്മാർജ്ജനം ചെയ്തു. എന്നാൽ ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാതി വിവേചനം സജീവമായി നിലനിൽക്കുന്നുവെന്നാണ് പോലമ്മയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 25 ശതമാനവും പട്ടികജാതി — പട്ടികവർഗത്തിൽപ്പെട്ടവരാണ്.
കൊറോണ വൈറസിന്റെ വ്യാപനം ഇവരുടെ ജീവിതം പരിതാപകരമാക്കി. ഒരു മീറ്റർ സമ്പർക്ക അകലമാണ് കൊറോണ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്നതെങ്കിൽ ജാതിയുടെ പേരിൽ അനേകം മീറ്ററിന്റെ അകലമാണ് ഇവർക്ക് സവർണ വിഭാഗങ്ങൾ ഇപ്പോഴും വിധിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങളും തയ്യാറാകുന്നില്ലെന്നതാണ് ഏറെ പരിതാപകരം. 1918ൽ ഇന്ത്യയിൽ സ്പാനിഷ് ഫ്ലു മഹാമാരിയിൽ മരിച്ച 170 ലക്ഷം പേരിൽ ഏറെയും ദളിത് വിഭാഗക്കാരായിരുന്നുവെന്നാണ് ചരിത്ര രേഖകൾ. ചേരികളിൽ താസമിച്ചിരുന്ന ദളിതർക്ക് അന്ന് ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. താഴ്ന്ന ജാതിയിൽപ്പെട്ടവരുടെ മരണ നിരക്ക് 6.1 ശതമാനമായി തുടർന്നപ്പോൾ സവർണരുടെ മരണ നിരക്ക് കേവലം 1.9 ശതമാനം മാത്രമായിരുന്നുവെന്ന് ചരിത്രകാരനായ അമിത് കപൂർ ‘റൈഡിങ് ദ ടൈഗർ’ എന്ന പുസ്തകത്തിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ പട്ടികജാതിക്കാരിൽ പകുതിലേറെയും ഇപ്പോഴും പട്ടിണിയിലാണ്. എന്നാൽ ഉന്നത സമുദായക്കാരിൽ കേവലം 15 ശതമാനത്തിന് മാത്രമാണ് സാമ്പത്തിക പരാധീനതകളുള്ളത്. 2014ൽ സുനാമി ഉണ്ടായപ്പോൾ ശവശരീരങ്ങളും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നീക്കുന്ന ജോലികൾ ദളിതരെകൊണ്ടാണ് ചെയ്യിപ്പിച്ചത്.
you may also like this video;
എന്നാൽ ഇതിന് അർഹമായ വേതനം നൽകിയില്ലെന്ന് മാത്രമല്ല മാനസിക പിന്തുണ നൽകാൻ പോലും തയ്യാറായില്ല. ഇന്ത്യയിൽ ആകെയുള്ള ആറ് ലക്ഷം ഗ്രാമങ്ങളിൽ എല്ലായിടത്തും പ്രത്യേക ഭാഗമായി (ഒറ്റപ്പെട്ടവിധത്തിൽ) ദളിതർ താമസിക്കുന്നു. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. കൊറോണ വൈറസ് വ്യാപനം തുടരുന്ന വേളയിൽ പോലും ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ദളിത് വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് കയ്യുറകൾ പോലും ലഭ്യമാക്കുന്നില്ല. രാജ്യത്തെ ആകെയുള്ള 50 ലക്ഷം ശുചീകരണ തൊഴിലാളികളിൽ 90 ശതമാനവും ദളിതരാണ്. ആശുപത്രികളിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് വ്യക്തിഗത സംരക്ഷണ കവചങ്ങൾ, കയ്യുറകൾ, എൻ 95 വിഭാഗത്തിൽപ്പെട്ട മാസ്കുകള്‍ എന്നിവ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ മുംബൈ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഇനിയും ഇവ നൽകിയിട്ടില്ലെന്ന് ദളിത് തൊഴിലാളി യൂണിയൻ നേതാവ് സൂര്യ പ്രകാശ് സോളങ്കി പറഞ്ഞു.
തമിഴ്നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അവസ്ഥയും മറിച്ചല്ല. ജോലി അവസാനിപ്പിച്ചാൽ കുട്ടികളെ പോറ്റാൻ വേറെ മാർഗമില്ല, അതുകൊണ്ടുതന്നെ വൈറസ് ബാധിച്ചാലും ജോലി തുടരുകതന്നെ ചെയ്യുമെന്ന് ബോധഗയയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന സനോജ് കുമാർ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും തങ്ങൾക്ക് ലഭിക്കില്ല. ശുചീകരണ തൊഴിലാളിയാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും തങ്ങളുടെ പക്കലില്ല. ജോലിചെയ്യുന്ന സ്ഥാപനങ്ങൾ തിരിച്ചറിയൽ കാർഡുകൾ പോലും തയ്യാറാക്കുന്നില്ല. 22 ശതമാനം ശുചീകരണ തൊഴിലാളികൾക്കും ഇനിയും 12 അക്ക ആധാർ ലഭിച്ചിട്ടില്ല. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങുന്നതിന് 33 ശതമാനം പേർക്കും റേഷൻ കാർഡ് ലഭിച്ചില്ല. ഇതുകൂടാതെ ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ സവർണരായ പ്രദേശവാസികൾ കൊറോണ, കൊറോണ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതായും ശുചീകരണ തൊഴിലാളിയായ സനോജ് കുമാർ പറയുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.