കൊറോണ കാലത്തും തമിഴ്‌നാട്ടിൽ ജാതിപ്പോര് വർധിക്കുന്നു

Web Desk

ന്യൂഡൽഹി

Posted on August 05, 2020, 10:02 pm

കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ സാഹചര്യത്തിലും ജാതിയുടെ പേരിലുള്ള അതിക്രമം തമിഴ്‌നാട്ടിൽ ഗണ്യമായി വർധിക്കുന്നു. ലോക്ഡൗണിന്റെ മറവിൽ പട്ടികജാതി, പട്ടികവർഗക്കാർ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കെതിരെയാണ് അതിക്രമങ്ങൾ വർധിക്കുന്നത്. ഇക്കാര്യത്തിൽ ഇടപെട്ട് പരിഹരിക്കാൻ കേന്ദ്ര സർക്കാരും പ്രതിപക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തിലുള്ള 80 സംഭവങ്ങളാണ് ഉണ്ടായത്.

ഉന്നതജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് തിരുവണ്ണാമലൈ ജില്ലയിൽ ഒബിസി വിഭാഗത്തിൽപ്പെട്ട സുധാകറിനെ കൊലചെയ്തു. ആറ് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ലോക്ഡൗണിനെ തുടർന്ന് ചെന്നൈയിൽ നിന്നും സ്വന്തം നാട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സുധാകർ കൊലചെയ്യപ്പെട്ടത്. കാമുകനൊപ്പം കോയമ്പത്തൂരിലേയ്ക്ക് ഒളിച്ചോടാൻ ശ്രമിക്കുന്നതിനിടെയാണ് പുതുകോട്ട സ്വദേശിയായ സാവിത്രി എന്ന പെൺകുട്ടിയെ അവരുടെ രക്ഷിതാക്കൾ തന്നെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ അക്രമങ്ങളിലായി തമിഴ്‌നാട്ടിൽ ഒമ്പത് ദളിതരാണ് കൊല്ലപ്പെട്ടത്. ഇതിൽ കുറ്റക്കാരെല്ലാം ഉയർന്ന ജാതിയിൽപ്പെട്ടവരാണ്. ഗൂഡല്ലൂർ ജില്ലയിൽ രണ്ടു പേരും തഞ്ചാവൂർ, വിഴുപുരം, തിരുപ്പൂർ, നാമക്കൽ, സേലം, കന്യാകുമാരി, തൂത്തുക്കുടി എന്നീ ജില്ലകളിൽ ഒരാൾ വീതവും കൊലചെയ്യപ്പെട്ടു.

കാമുകന്റെ ഭീഷണിയെ തുടർന്ന് തിരുപ്പൂർ ജില്ലയിൽ കാർത്തിക എന്ന പെൺകുട്ടി ജീവനൊടുക്കി. നാമക്കൽ സ്വദേശിയായ നഴ്സ് പ്രീയദർശിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതും ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമാണ്. മിശ്ര വിവാഹിതർക്കെതിരെയും ലോക്ഡൗണിനിടെ അതിക്രമങ്ങൾ ഗണ്യമായി വർധിച്ചു. കല്ലാക്കുറിച്ചി, ഡിണ്ടിഗൽ, പുതുകോട്ടെ എന്നിവടങ്ങളിലാണ് ഇത്തരത്തിലുള്ള അക്രമങ്ങൾ കൂടുതലുണ്ടായത്. കല്ലാക്കുറിച്ചി ജില്ലയിൽ മിശ്രവിവാഹിതരായ ദമ്പതികളായ സുകന്യ, ഭർത്താവ് ഇളങ്കോവൻ എന്നിവരെ ആക്രമിച്ചു. സംഭവം അന്വേഷിച്ച് എത്തിയ ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും സാമൂഹ്യ വിരുദ്ധർ അക്രമം അഴിച്ചുവിട്ടു. ദളിത് വിഭാഗത്തിൽപ്പെട്ട നാല് ശുചീകരണ തൊഴിലാളികളും ലോക്ഡൗണിനിടെ മരിച്ചു. തിരുനെൽവേലി സ്വദേശികളായ പാണ്ഡി, ഇസകി രാജ, ബാല, ദിനേശ് എന്നിവരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് വിവിധ ദളിത് സംഘടനകൾ ആരോപിക്കുന്നു.

you may also like this video