December 3, 2022 Saturday

Related news

February 6, 2022
October 12, 2021
August 3, 2021
July 13, 2021
July 12, 2021
July 6, 2021
May 11, 2021
May 6, 2021
December 24, 2020
December 13, 2020

കാതോലിക്കാ ബാവയുടെ സംസ്കാരം ഇന്ന്

Janayugom Webdesk
തിരുവല്ല
July 13, 2021 8:23 am

മലങ്കര ഓർത്തഡോക്സ് സഭാ തലവൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (74)യുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടക്കും. ഇന്നലെ പുലർച്ചെ 2.35 ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ ഐ ഐപ്പിന്റെയും കുഞ്ഞിറ്റിയുടെയും മകനായി 1946 ഓഗസ്റ്റ് 30നു ജനിച്ചു. തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് ബിഎസ്‌സിയും കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും സിഎംഎസ് കോളജിൽ നിന്ന് എംഎയും നേടി. 

പരുമല സെമിനാരിയിൽ 1972 ഏപ്രിൽ എട്ടിന് ശെമ്മാശപട്ടവും കൊരട്ടി സീയോൻ സെമിനാരിയിൽ 1973 മെയ് 31ന് പൂർണശെമ്മാശ പട്ടവും ജൂൺ രണ്ടിന് വൈദികപട്ടവും സ്വീകരിച്ചു. തിരുവല്ല എംജിഎം ഹൈസ്‌കൂളിൽ 1982 ഡിസംബർ 28നു കൂടിയ മലങ്കര അസോസിയേഷൻ മേൽപട്ട സ്ഥാനത്തേക്കു തിരഞ്ഞെടുത്തു. 1983 മെയ് 14ന് റമ്പാൻ സ്ഥാനം നൽകി.
1985 മെയ് 15ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയിൽ മറ്റു നാലുപേർക്കൊപ്പം എപ്പിസ്‌കോപ്പയായി. 1991 ഒക്ടോബർ 25ന് മെത്രാപ്പൊലീത്തയായി.

ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2010 നവംബർ ഒന്നിന് പരുമല സെമിനാരി ചാപ്പലിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ പൗരസ്‌ത്യ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്‌തു. കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ചു. 

ഇന്നലെ വൈകിട്ട് ഏഴ് മണിവരെ ഭൗതിക ശരീരം പരുമല പള്ളിയിൽ പൊതുദർശനത്തിന് വച്ചശേഷം എട്ട് മണിയോടെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ കാതോലിക്കേറ്റ് അരമന ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും. 

കാതോലിക്ക ബാവയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ പതിനൊന്നരയോടെ എത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മന്ത്രിമാരായ പി പ്രസാദ്, വീണാ ജോര്‍ജ്, സജി ചെറിയാന്‍, കെ എൻ ബാലഗോപാൽ, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ തുടങ്ങി രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

Eng­lish Sum­ma­ry : catholi­ca bava funer­al today

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.