Web Desk

ന്യഡൽഹി

February 13, 2020, 9:47 pm

ഗോസംരക്ഷകരുടെ വിളയാട്ടം തിരിച്ചടിയായി; പശുവളർത്തലിൽ നിന്നും കർഷകർ പിന്നോട്ട്

Janayugom Online

സംഘപരിവാർ സംഘടനകളുടെ ഗോ സംരക്ഷണവും അതിന്റെ പേരിലുള്ള ആക്രമണങ്ങളും പശുവളർത്തുന്ന ശീലം കർഷകരിൽ അന്യമാകുന്നതായി റിപ്പോർട്ട്. സ്വയം പ്രഖ്യാപിത ഗോസംരക്ഷകർ നത്തുന്ന ആൾക്കൂട്ട ആക്രമണങ്ങൾ, കൊലപാതകങ്ങൾ, ഗോഹത്യ നിരോധിച്ചത്, ക്ഷീര മേഖല നേരിടുന്ന പ്രതിസന്ധി തുടങ്ങിയ കാര്യങ്ങളാണ് പശുവളർത്തലിൽ നിന്നും കർഷകർ പിന്നാക്കം പോകാനുള്ള കാരണമെന്ന് സെന്റർ ഫോർ സയൻസ് ആന്റ് എൻവയൺമെന്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

2019 വരെയുള്ള കണക്കുകൾ പ്രകാരം ഗോസംക്ഷണവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ 44 പേരാണ് കൊല്ലപ്പെട്ടതെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് പുറത്തുവിട്ട കണക്കുകൾ പറയുന്നു. 10 മുതൽ 12 വർഷം വരെയാണ് ഒരു പശുവിൽ നിന്നും പാൽ ലഭിക്കുന്നത്. അതിനുശേഷം ചെറുകിട ക്ഷീര കർഷകർ പശുക്കളെ ഇറച്ചി, തോൽ എന്നിവയ്ക്കായി വിൽക്കുന്നു. എന്നാൽ ഗോഹത്യാ നിരോധനം നിലവിൽ വന്നതോടെ ഇത് നടക്കാത്ത സ്ഥിതിയായി. ഇപ്പോൾ പ്രായം ചെന്ന പശുക്കളെ പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നും ക്ഷീര കർശകരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പശുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നത്. പശുക്കളെ കശാപ്പിനായി വിൽക്കുന്നത് പശുവളർത്തലിൽ ഒരു പ്രധാന ഘട്ടമാണെന്ന് വെറ്റിനറി ശാസ്ത്രജ്ഞനായ സാഗരി രാംദാസ് പറയുന്നു. ഈ തുക ഉപയോഗിച്ചാണ് കർഷകൻ വീണ്ടും പശുക്കളെ വാങ്ങുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ ഇതിന് കഴിയുന്നില്ല. ഇത് ക്ഷീര കർഷകർക്ക് ഏറെ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും രാംദാസ് പറയുന്നു.

അഞ്ച് മുതൽ ആറ് പശുക്കളെ വരെ വളർത്തുന്ന ക്ഷീരകർഷകരാണ് രാജ്യത്ത് കൂടുതലുള്ളത്. ഇവരിൽ നിന്നാണ് രാജ്യത്തെ മൊത്തം 90 ശതമാനം പാലും എത്തുന്നത്. എന്നാൽ ഇപ്പോഴത്തെ നിയമങ്ങൾ പാൽ ലഭ്യത ഗണ്യമായി കുറയ്ക്കാൻ ഇടയാക്കുന്നു. ഉത്തർ പ്രദേശിൽ ഗോഹത്യയ്ക്ക് ഏഴ് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ഇതിന്റെ ഭാഗമായി യുപിയിൽ പശുക്കളുടെ എണ്ണം നാല് ശതമാനം കുറഞ്ഞു. മഹാരാഷ്ട്രയിൽ പശുക്കളുടെ എണ്ണം പത്ത് ശതമാനം കുറഞ്ഞു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോഡി സർക്കാരിന്റെ പ്രഖ്യാപനം സാക്ഷാത്കരിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗം പശുവളർത്തലാണെന്ന് അമൂൽ മാനേജിങ് ഡയറക്ടർ ആർ എസ് സോധി പറയുന്നു. എന്നാൽ ഗോസംരക്ഷണമെന്ന പേരിൽ ഉണ്ടാകുന്ന അതിക്രമങ്ങൾ ഇതിന് വിഘാതമാകുന്നതായും സോധി പറയുന്നു.

ENGLISH SUMMARY: Cat­tle farm­ers in trouble

YOU ALSO LIKE THIS VIDEO