കാവേരി വിഷയം; തമിഴ്‌നാട്ടില്‍ പ്രതിപക്ഷ ബന്ദ്

Web Desk
Posted on April 05, 2018, 10:05 am

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. കാവേരി മാനേജ്‌മെന്‍റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും ഉടന്‍ രൂപീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം, സിപിഐ തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കര്‍ഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജല്ലിക്കട്ട് മോഡല്‍ പ്രതിഷേധം നടത്തി പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ കേന്ദ്രങ്ങളില്‍ അണ്ണാ ഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടന്നിരുന്നു.

കഴിഞ്ഞ 29 നകം സിഎംബിയുള്‍പ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ദേശം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് തമിഴ്‌നാടിന്‍റെ പൊതുവികാരം.