Web Desk

ആലപ്പുഴ

April 17, 2020, 8:34 pm

ഹൗസ് ബോട്ടുകളിൽ കോവിഡ് സെന്റർ; മോക്ക് ഡ്രിൽ നടത്തി

Janayugom Online

പുന്നമട ഫിനിഷിംഗ് പോയിന്റിലേയ്ക്ക് പാഞ്ഞെത്തിയ ആംബുലന്‍സ് ഒരു ഹൗസ് ബോട്ടിന് സമീപം നിര്‍ത്തി. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച ആംബുലന്‍സ് ഡ്രൈവര്‍ വേഗത്തില്‍ പുറത്തിറങ്ങി ഹൗസ്ബോട്ടില്‍ നിന്നും ഒരാളെ അകത്തുകയറ്റി. ആംബുലന്‍സ് ജനറല്‍ ആശുപത്രിയിലേയ്ക്ക് കുതിച്ചു. ആംബുലന്‍സുകളുടെ ചീറിപ്പാച്ചില്‍ കണ്ട് ജനം ആദ്യം അമ്പരന്നു. പിന്നീടാണ് രാജ്യത്ത് ആദ്യമായി ഹൗസ് ബോട്ടിൽ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കുന്നതിന്റെ ഭാഗമായുള്ള മോക്ഡ്രില്‍ ആയിരുന്നു അതെന്ന് മനസ്സിലായത്.

ഫിനിഷിംഗ് പോയിന്റിലെ രോഗലക്ഷണമുള്ളയാള്‍ കിടന്നിരുന്ന ഹൗസ്ബോട്ടും നടന്നുവന്ന വഴിയുമെല്ലാം മോക്ഡ്രില്ലിന്റെ ഭാഗമായി ഫയര്‍ഫോഴ്സ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ അണുവിമുക്തമാക്കി.

ഫോട്ടോ;
ഹൗസ്ബോട്ടുകള്‍ കൊറോണ കെയർ സെന്റർ ആക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നെഹ്രുട്രോഫി ഫിനിഷിങ് പോയിന്റിൽ നടന്ന മോക്ക് ഡ്രില്ലിൽ ഹൗസ്ബോട്ടുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അണുവിമുക്തമാക്കുന്നു

കൂടാതെ ഹൗസ്ബോട്ടിലെ മാലിന്യം നഗരസഭയുടെ നേതൃത്വത്തില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് നശിപ്പിക്കുകയും ചെയ്തു. വാട്ടര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും മോക്ഡ്രില്ലിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചത്.

ആരോഗ്യവകുപ്പിന്റേയും പൊലീസ്, അഗ്നിശമനസേന, കെഎസ്ഇ ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ കണ്‍ട്രോള്‍ റൂമും കമ്മ്യൂണിറ്റി കിച്ചണും സജ്ജമായിരുന്നു. രണ്ടായിരത്തോളം പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകളും ഹൗസ് ബോട്ടുകളില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആലപ്പുഴ ജില്ല കളക്ടർ എം അഞ്ജന പറഞ്ഞു. ആദ്യ ഘട്ടത്തിൽ 140 ഹൗസ് ബോട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ 700 ഓളം ഹൗസ് ബോട്ടുകളിൽ ഐസൊലേഷൻ മുറികൾ ഒരുക്കും. കളക്ടർ അറിയിച്ചു.

you may also like this video;