ഘര്‍വാപസി നടത്തിയില്ലെങ്കില്‍ ഗോത്രവര്‍ഗക്കാര്‍ ദേശവിരുദ്ധരായി മാറുമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തന്നോട് പറഞ്ഞിരുന്നെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അവകാശവാദം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) തള്ളി. വെളിപ്പെടുത്തല്‍ സംശയാസ്പദവും ഞെട്ടിക്കുന്നതാണെന്നും സിബിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. സ്വകാര്യ സംഭാഷണത്തെ വളച്ചൊടിച്ച് മുന്‍ രാഷ്ട്രപതിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് ഗുരുതര പ്രശ്നമാണെന്ന് സിബിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രണബ് മുഖര്‍ജി ജീവിച്ചിരുന്നപ്പോള്‍ മോഹന്‍ ഭാഗവത് എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്ന് സിബിസിഐ ചോദിച്ചു. മോഹന്‍ ഭാഗവത് പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നില്ല. രാജ്യത്തിന്റെ മതേതര മൂല്യം സംരക്ഷിക്കാന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുള്ള വ്യക്തിയാണ് പ്രണബ് മുഖര്‍ജി. ഭരണഘടനാപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്ന ആദിവാസികളെ ഘര്‍ വാപ്പസി എന്ന പേരില്‍ ആക്രമിക്കുന്നതല്ലേ ദേശദ്രോഹമെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗ്സ് വ്യക്തമാക്കി.
മതം മാറിയവരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് എത്തിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നതായി കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന പരിപാടിയിലാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. ആദിവാസികളെ തിരികെ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ അവര്‍ ദോശ ദ്രോഹികളാകുമായിരുന്നു എന്ന് പ്രണബ് മുഖര്‍ജി തന്നോട് പറഞ്ഞതായി മോഹന്‍ ഭാഗവത് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ അവകാശപ്പെട്ടു.
രാജ്യത്തിന്റെ ബഹുസ്വരതയെയും മതേതരത്വത്തെയും തകർക്കുന്നതും വിദ്വേഷവും അക്രമവും നിലനിർത്തുന്നതുമായ വിഭജന രാഷ്ട്രീയത്തിനെതിരേ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയനേതൃത്വവും പാർലമെന്റംഗങ്ങളും മാധ്യമങ്ങളും പ്രതികരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. രാജ്യത്ത് മൂന്ന് തവണ നിരോധിച്ച സംഘടന, അഹിംസയില്‍ വിശ്വസിക്കുന്ന, സമാധാനകാംഷികളും സേവന സന്നദ്ധരുമായ ക്രൈസ്തവരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നത് ദൗര്‍ഭാഗ്യമാണ്. വലതുപക്ഷ കീഴടങ്ങൽ പത്രപ്രവർത്തനത്തിന്റെ പ്രവണത കൂടിയാണ് ദേശീയ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെന്നും സിബിസിഐ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.