Web Desk

കൊച്ചി

July 30, 2021, 7:38 pm

ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ ഐഎസ്ഐയെന്ന് സിബിഐ

Janayugom Online

ഐഎസ്ആർ ഒ ചാരക്കേസിന് പിന്നിൽ പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ്ഐ ആണെന്ന് സംശയമുള്ളതായി സി ബിഐ. ചാരക്കേസോടെ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ പദ്ധതി വൈകിയെന്നും ഇതിന് പിന്നിൽ പാകിസ്ഥാൻ ആണെന്നാണ് കരുതുന്നതെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
വിദേശ ശക്തികൾക്ക് വേണ്ടിയാണ് ഐഎസ്ആർഒയിലെ രണ്ട് ശാസ്ത്രജ്ഞരെ ചാരക്കേസിൽ കുടുക്കിയതെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു.

ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിന് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി മുൻ ഐബി ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാർ നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് സിബിഐ നിലപാട് അറിയിച്ചത്. വിദേശ ശക്തികളുടെ സാന്നിധ്യത്തിലാണ് ഇത് നടന്നിട്ടുള്ളത്. രാജ്യത്തെ രണ്ട് സമുന്നത ശാസ്ത്രജ്ഞന്മാരെ കള്ളക്കേസിൽക്കുടുക്കിയത് ഐഎസ്ഐക്ക് വേണ്ടിയാണെന്ന് സംശയമുണ്ട്. ക്രയോജനിക് പദ്ധതി അവതാളത്തിലാക്കുക എന്ന ലക്ഷ്യം കേസ് രജിസ്റ്റർ ചെയ്തതോടെ തന്നെ അവർ നേടി. ചാരക്കേസ് ഇല്ലാതിരുന്നെങ്കിൽ 20 വർഷം മുമ്പ് തന്നെ ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുമായിരുന്നു. അതിന് വേണ്ടി പ്രവർത്തിക്കേണ്ട ശാസ്ത്രജ്ഞരെ അറസ്റ്റ് ചെയ്ത് അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തു, എസ് വി രാജു പറഞ്ഞു. ഗൂഢാലോചനയിൽ ശ്രീകുമാർ പങ്കാളിയാണെന്നും നമ്പി നാരായണനെ ചോദ്യം ചെയ്ത ശ്രീകുമാർ തെറ്റായ റിപ്പോർട്ട് നൽകിയെന്നും സിബിഐ കോടതിയിൽ പറഞ്ഞു.

Eng­lish sum­ma­ry; CBI blames ISI for ISRO scam

you may also like this video;