June 6, 2023 Tuesday

Related news

May 30, 2023
May 25, 2023
May 18, 2023
May 17, 2023
May 16, 2023
May 15, 2023
May 15, 2023
May 3, 2023
April 29, 2023
April 9, 2023

അഴിമതിയിലൂടെ ഇടപാട് നേടിയെടുത്തതിന് അഡാനിക്കെതിരെ ക്രിമിനൽകേസ്

Janayugom Webdesk
ന്യൂഡൽഹി
January 17, 2020 11:20 am

കേന്ദ്രസർക്കാരിന്റെ വഴിവിട്ടനീക്കത്തിലൂടെ 45,000 കോടി രൂപയുടെ അന്തർവാഹിനി ഇടപാട് തരപ്പെടുത്തിയ ഗൗതം അഡാനിക്കെതിരെ അനധികൃതമായി കൽക്കരി ഇടപാട് നേടിയെടുത്തതിന് ക്രിമിനൽകേസ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൽക്കരി നല്കുന്നതിനുള്ള കരാ‍ർ സംഘടിപ്പിച്ചതിനാണ് മോഡിയുടെ വലംകയ്യായി അറിയപ്പെടുന്ന അഡാനിയുടെ കമ്പനിക്കും മൂന്ന് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ആന്ധ്രപ്രദേശ് പവർ ജനറേഷൻ കോർപ്പറേഷന് കൽക്കരി നല്കുന്നതിനുള്ള കരാറാണ് അഴിമതിയിലൂടെ അഡാനിയുടെ ഉടമസ്ഥതയിലുള്ള അഡാനി എന്റർപ്രൈസസ് നേടിയെടുത്തത്. കമ്പനിക്കു പുറമേ പൊതുമേഖലാ സ്ഥാപനമായ ദേശീയ സഹകരണ കൺസ്യൂമർ ഫെഡറേഷനി (എൻസിസിഎഫ്) ലെ മൂന്ന് ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. എൻസിസിഎഫ് മുൻ ചെയർമാൻ വീരേന്ദർ സിങ്, മുൻ മാനേജിങ് ഡയറക്ടർ ജിപി ഗുപ്ത, മുതിർന്ന ഉപദേശകൻ എസ് സി സിംഘാൾ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ.

കരാ‍ർ ഉറപ്പിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളിൽ അഡാനി ഗ്രൂപ്പും ഉദ്യോഗസ്ഥരും ഇടപെട്ടുവെന്നും കമ്മിഷൻ, ഒഴിവാക്കൽ പ്രക്രിയകളിൽ ഉദ്യോഗസ്ഥരിൽ നിന്ന് അഡാനി ഗ്രൂപ്പ് വഴിവിട്ട സഹായങ്ങൾ നേടിയെന്നും പ്രഥമവിവരപ്പട്ടികയിലുണ്ട്. ഇറക്കുമതി ചെയ്ത ആറ് ലക്ഷം മെട്രിക് ടൺ കൽക്കരി നല്കുന്നതിനുള്ള കരാ‍ർ ഉറപ്പിക്കുന്നതിന് ആദ്യ ടെൻഡറിൽ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളാണ് പങ്കെടുത്തത്. പ്രസ്തുത തീയതി അവസാനിച്ച് ടെൻഡർ നല്കുന്ന നടപടി ആരംഭിക്കാനിരിക്കെ ടെൻഡർ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിനല്കി സ്വകാര്യസംരംഭകരെ കൂടി ഉൾപ്പെടുത്തി അഡാനിക്ക് വഴിയൊരുക്കുകയായിരുന്നു. ഉദ്യോഗസ്ഥരുമായിചേർന്ന് ഗൂഢാലോചന, അഴിമതി, വഴിവിട്ട നടപടികൾ എന്നിങ്ങനെ കുറ്റങ്ങളാണ് അഡാനിയുടെ കമ്പനിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്.

നാവികസേനയ്ക്ക് ആവശ്യമായ അന്തർവാഹിനികൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ അഡാനിക്കുവേണ്ടി മോഡി സർക്കാർ ഇളവുകൾ നല്കി ഇടപെ‍ട്ടുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡീസൽ യന്ത്രത്തിൽ പ്രവർത്തിക്കുന്ന ആറ് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനുള്ള കരാറാണ് അഡാനി- ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സംയുക്ത സംരംഭങ്ങൾക്ക് ലഭിച്ചത്. എന്നാൽ ഈ കമ്പനികൾക്ക് അന്തർവാഹിനികളുടെ നിർമ്മാണത്തിൽ വേണ്ടത്ര പരി‍ജ്ഞാനമില്ലെന്ന് ആക്ഷേപം ഉയർന്നെങ്കിലും ഇത് അംഗീകരിക്കാൻ മോഡി സർക്കാർ തയ്യാറായില്ല. ഇതിന്റെ പിന്നിൽ ശതകോടികളുടെ കുംഭകോണമാണ് മോഡി സർക്കാരും ബിജെപിയും ലക്ഷ്യമിടുന്നതെന്നുമാണ് കഴിഞ്ഞ ദിവസം ഉയർന്ന ആരോപണം.

YOU MAY ALSO LIKE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.