കൽക്കരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കണ്ണിലുണ്ണിയായ ഗൗതം അഡാനി ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ആന്ധ്രാപ്രദേശ് പവർ ജെനറേഷൻ കോർപ്പറേഷൻ (എപിജെൻകോ) എന്ന പൊതുമേഖലാ സ്ഥാപനത്തിന് ഇറക്കുമതി ചെയ്ത കൽക്കരി വിതരണത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അഡാനിയെ കൂടാതെ ഇടപാടിലെ ക്രമക്കേടുകൾക്ക് കൂട്ടുനിന്ന നാഷണൽ കൺസ്യൂമർ കോപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ മുൻ ചെയർമാൻ ജി പി ഗുപ്ത, മുൻ മാനേജിങ് ഡയറക്ടർ എസ് സി സിംഗാൾ എന്നിവരേയും കേസിലെ പ്രതികളായി ഉൾപ്പെടുത്തിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
2010 ജൂൺ 29ന് ആറ് ലക്ഷം മെട്രിക് ടൺ ഇറക്കുമതി ചെയ്തു കൽക്കരി ലഭ്യമാക്കുന്നതിനായി എപിജെൻകോ ടെൻഡർ ക്ഷണിച്ചു. എപിജെൻകോയുടെ വിജയവാഡ, കഡപ്പ എന്നീ വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളിൽ കൽക്കരി എത്തിക്കുന്നതിനുള്ള ചെലവ് ഉൾപ്പടെയാണ് ടെൻഡർ ക്ഷണിച്ചത്. ഇതിൽ എൻസിസിഎഫും പങ്കെടുത്തു. എന്നാൽ മഹാറിഷി ബ്രദേഴ്സ് കോൾ ലിമിറ്റഡ് എന്ന കമ്പനിയുമായി 2.25 ശതമാനം ലാഭം നൽകാമെന്ന വ്യവസ്ഥയിൽ എൻസിസിഎഫ് കരാറിലെത്തി. ആദ്യഘട്ട ലേല നടപടികളിൽ എൻസിസിഎഫ് പങ്കെടുത്തിരുന്നില്ലെന്നും എഫ്ഐആർ സൂചിപ്പിക്കുന്നു. ജൂലൈ എഴായിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള അവസാന തിയതി. എന്നാൽ എൻസിസിഎഫിനായി കരാർ തിയതി ജൂലൈ 12 വരെ ചട്ടവിരുദ്ധമായി ദീർഘിപ്പിച്ചു.
അതിനിടെ മഹാറിഷി ബ്രദേഴ്സ് കോൾ ലിമിറ്റഡ് ഉൾപ്പടെ നിരവധി കമ്പനികൾ ടെൻഡർ സർപ്പിച്ചു. കൂടാതെ അഡാനി എന്റർപ്രസൈസ്, ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യോം പ്രൈവറ്റ് ലിമിറ്റഡും എന്നിവരും ടെൻഡർ സമർപ്പിച്ചു. അതിനിടെ വ്യക്തമായ കാരണങ്ങൾ കാണിക്കാതെ നാല് ടെൻഡറുകൾ എൻസിസിഎഫ് നിരസിച്ചു. അഡാനി ഗ്രൂപ്പ് സമർപ്പിച്ചിരുന്ന ടെൻഡർ രേഖകളിൽ എൻസിസിഎഫിനുള്ള ലാഭവിഹിതം വ്യക്തമായി പറഞ്ഞിരുന്നില്ല. ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് 2.5 ശതമാനം ലാഭവിഹിതമായി എൻസിസിഎഫിന് നൽകാമെന്ന് അഡാനി ഗ്രൂപ്പ് അറിയിച്ചതെെന്നും എഫ്ഐആർ പറയുന്നു.
അഡാനി എന്റർപ്രൈസസിനൊപ്പം ടെൻഡറിൽ പങ്കെടുത്ത വ്യോം എന്ന കമ്പനിക്ക് 1681 കോടി രൂപയുടെ വായ്പ അഡാനി തരപ്പെടുത്തികൊടുത്തു. കൂടാതെ അഡാനി ഗ്രൂപ്പും വ്യോമും എൻസിസിഎഫിന് സമർപ്പിച്ച ബാങ്ക് ഗ്യാരന്റി ഒരേ ബാങ്കിൽ നിന്നുള്ളതാണെന്നും എഫ്ഐആർ പറയുന്നു. ജൂലൈ പത്തിന് രാത്രി 7.13ന് തങ്ങൾ ടെൻഡറിൽ നിന്നും പിൻമാറുന്നതായി കാണിച്ച് എൻസിസിഎഫിന് കത്തയച്ചു. പിന്നീട് ടെൻഡറിൽ അഡാനി ഗ്രൂപ്പ് മാത്രമായി. അഡാനി ഗ്രൂപ്പിന് കൽക്കരി വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ നൽകുന്നതിനായി എൻസിസിഎഫ് അധികൃതർ ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആർ പറയുന്നത്.
മഹാരാഷ്ട്രയിൽ കൽക്കരി വിതരണവുമായി ബന്ധപ്പെട്ട കരാർ ലഭിക്കുന്നതിന് സമാനമായ തിരിമറികൾ അഡാനി ഗ്രൂപ്പ് നടത്തിയെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ സ്വീകരിക്കുന്നതിന് മഹാരാഷ്ട്ര സർക്കാരിൽ നിന്നും ഇനിയും അനുമതി ലഭിച്ചില്ലെന്നും എഫ്ഐആർ പരാമർശിക്കുന്നു.ഇത് കൂടാതെ വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങൾക്ക് ആവശ്യമായ യന്ത്രങ്ങൾ ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത് വിതരണം ചെയ്തതിലും വൻ അഴിമതിയുണ്ടെന്നും സിബിഐ എഫ്ഐആറിൽ പരാമർശിക്കുന്നു. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ കേസുകൾ അന്വേഷിക്കുന്നതിനുള്ള അനുമതി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സർക്കാർ നൽകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
English summary: CBI has filed a case against Adani for alleged irregularities in coal supply
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.