Friday
19 Apr 2019

സിബിഐ: മോഡി സര്‍ക്കാരിന് സുപ്രിം കോടതിയുടെ കനത്ത പ്രഹരം

By: Web Desk | Friday 26 October 2018 10:50 PM IST


  • അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം
  • നാഗേശ്വര്‍ റാവു നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളരുത്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സിബിഐയിലെ ആഭ്യന്തര കുഴപ്പങ്ങളെപറ്റി നടന്നുവരുന്ന അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട മൂന്നംഗ സുപ്രിംകോടതി ബഞ്ച് കേന്ദ്ര വിജിലന്‍സ് കമ്മിഷനോട് നിര്‍ദേശിച്ചു. അന്വേഷണം വിരമിച്ച സുപ്രിംകോടതി ജഡ്ജ് എ കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലായിരിക്കും. സിബിഐ മേധാവി അലോക് വര്‍മയെ പുറത്താക്കി മോഡി ഭരണകൂടം തല്‍സ്ഥാനത്ത് അവരോധിച്ച നാഗേശ്വര്‍ റാവു നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും സുപ്രിംകോടതി വിലക്കി. അന്വേഷത്തിന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ബുധനാഴ്ച പാതിരാ അട്ടിമറിയിലൂടെ സിബിഐ മേധാവിയെ നീക്കിയ നരേന്ദ്രമോഡി സര്‍ക്കാരിന് സുപിംകോടതിയുടെ ഇടക്കാല ഉത്തരവ് കനത്ത പ്രഹരമായി.

ചീഫ് ജസ്റ്റിസ് ഗൊഗോയിയെ കൂടാതെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയതാണ് മൂന്നംഗ ബെഞ്ച്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് അലോക് വര്‍മ ഫയല്‍ ചെയ്ത ഹര്‍ജിയും അഴിമതിയാരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയോഗിക്കണമെന്ന കോമണ്‍ കോസ് എന്ന സംഘടനയുടെ പൊതുതാത്പര്യ ഹര്‍ജിയുമാണ് സുപ്രിം കോടതി പരിഗണിച്ചത്.

നവംബര്‍ 12 ന് കേസ് വീണ്ടും പരിഗണിക്കും. താല്‍കാലിക ഡയറക്ടറായ നാഗേശ്വര റാവു ഇതുവരെ എടുത്ത തീരുമാനങ്ങള്‍ അപ്പോള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കണം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍പ്പെടും. അന്വേഷണം തീരുംവരെ നാഗേശ്വര റാവു യാതൊരു വിധത്തിലുള്ള നയപരമായ തീരുമാനവും എടുക്കരുത്. ദൈനംദിന കാര്യങ്ങള്‍ മാത്രമേ നാഗേശ്വര റാവു കൈകാര്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചു. നാഗേശ്വര റാവുവിന്റെ നിയമനത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രിം കോടതിയുടെ നിര്‍ദേശങ്ങള്‍ മറികടന്നുകൊണ്ടാണ് സിബിഐ ഡയറക്ടര്‍ക്കെതിരായ സര്‍ക്കാരിന്റെ നടപടി ഉണ്ടായിരിക്കുന്നതെന്ന് അലോക് വര്‍മയ്ക്കു വേണ്ടി ഹാജരായ ഫാലി എസ് നരിമാന്‍ കോടതിയില്‍ വാദിച്ചു. രാത്രിയാണ് ഇത്തരമൊരു നീക്കം നടന്നത്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് സിബിഐ ഡയക്ടറെ നിശ്ചയിക്കുന്നത്. ആ നിലയ്ക്ക് ഈ സമിതി അറിയാതെ സിബിഐ ഡയറക്ടറെ മാറ്റിയത് നിയമവിരുദ്ധമാണെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ നീക്കിയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കു പിന്നാലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും മുന്‍ അറ്റോര്‍ണി ജനറല്‍ വഴി ഇന്നലെ ഹര്‍ജി നല്‍കി. ഇന്നലെ രാവിലെയായിരുന്നു ഹര്‍ജി നല്‍കിയത്. എന്നാല്‍ യഥാസമയം ഹര്‍ജി കോടതിക്ക് മുമ്പിലെത്തിയിരുന്നില്ല. ഇത് കോടതിയുടെ വിമര്‍ശനത്തിന് വഴിവച്ചു.രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കോടതിക്ക് മുമ്പാകെ ഹര്‍ജി എത്താതതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ വൈകിയതിന് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ കോടതി പരിഹസിച്ചു. ലീവെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ വൈകിയത് എന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. നിങ്ങള്‍ക്കെന്താ ബസ് കിട്ടിയില്ലേ എന്നായിരുന്നു കോടതിയുടെ പരിഹാസം.

‘നിങ്ങളെന്തുകൊണ്ടാണ് വൈകിയത്? നിങ്ങള്‍ക്ക് ബസ് കിട്ടിയില്ലേ? ഞങ്ങളുടെ മുമ്പിലല്ല ഈ അപേക്ഷ നല്‍കേണ്ടത്’, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ആണ് അസ്താനയ്ക്ക് വേണ്ടി പെറ്റീഷന്‍ ഫയല്‍ ചെയ്യാനെത്തിയത്.

ചേരിപ്പോര് രൂക്ഷമായതിനെത്തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുപ്രധാന കേസുകളുടെ അന്വേഷണം കയ്യാളുന്നതിനിടെയാണ് തന്നെ മാറ്റിയതെന്നു ഹര്‍ജിയില്‍ അലോക് വര്‍മ ചൂണ്ടിക്കാട്ടി. രാകേഷ് അസ്താനയ്‌ക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അലോക് വര്‍മയെ നീക്കിയത് ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനും വിനീത് നരെയ്ന്‍ കേസിലെ സുപ്രിം കോടതി വിധിക്കുമെതിരാണെന്നുമായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്.