മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം

Web Desk
Posted on September 30, 2019, 10:25 am

ഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അനധികൃത നടപടികളുടെ പേരിലുള്ള ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ചെന്നൈയില്‍ നാല് കോടി വിലമതിക്കുന്ന രണ്ട് ആഡംബര ഫഌറ്റുകള്‍ താഹില്‍രമണി സ്വന്തമാക്കിയതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒന്നര കോടി രൂപ ബാങ്ക് ലോണ്‍ ആയിരുന്നു.ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ താഹില്‍രമാനിയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനമാണ് ഇതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുള്ളത്.

2020 ഒക്ടോബര്‍ 3 വരെ സര്‍വീസ് കാലാവധിയുണ്ടായിരുന്ന വിജയ താഹില്‍രമാനി സെപ്റ്റംബര്‍ 6 നായിരുന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രാജി വെച്ചത്. മേഘാലയിലേയ്ക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളായ വിജയ രാജിവെക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അവരുടെ രാജി രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപത്തിലും ബില്‍കീസ് ഭാനു കേസിലും വിധി പറഞ്ഞത് താഹില്‍രമാനിയായിരുന്നു.