ന്യൂഡൽഹി: ബിഹാറിലെ മുസഫർപുരിലെ അഭയകേന്ദ്രത്തിൽ കൊല്ലപ്പെട്ടെന്ന് സംശയിച്ചിരുന്ന 35 പെൺകുട്ടികളും ജീവനോടെയുണ്ടെന്ന് സിബിഐ. നേരത്തെ കണ്ടെടുത്ത അസ്ഥികൂടങ്ങൾ കുട്ടികളുടേതല്ലെന്നും മുതിർന്നവരുടേതാണെന്നും സിബിഐ സംഘം സുപ്രീംകോടതിയെ അറിയിച്ചു.
ഏറെ വിവാദമായ മുസഫർപുർ കൂട്ടബലാത്സംഗക്കേസിൽ ഇന്നലെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അഭയകേന്ദ്രത്തിൽനിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇത് കുട്ടികളുടേതാകാമെന്നും കേസിലെ മുഖ്യപ്രതിയായ ബ്രജേഷ് ഠാക്കൂർ 11 പെൺകുട്ടികളെ കൊലപ്പെടുത്തിയതായി കരുതുന്നുണ്ടെന്നും സിബിഐ കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിലാണ് പെൺകുട്ടികൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ടെന്ന് കരുതിയിരുന്ന കുട്ടികളെയെല്ലാം പിന്നീട് ജീവനോടെ കണ്ടെത്തി. മുസഫർപുരിനൊപ്പം ബിഹാറിലെ ആകെ 17 അഭയകേന്ദ്രങ്ങളെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്. ഇതിൽ 13 എണ്ണത്തിൽ കുറ്റപത്രം നൽകി. പ്രാഥമികാന്വേഷണത്തിൽ തന്നെ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാൽ നാല് കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചതായും സിബിഐ കോടതിയെ അറിയിച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് സിബിഐയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.
മുസഫർപുരിലെ സർക്കാർ അഭയകേന്ദ്രത്തിലെ പെൺകുട്ടികൾ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന വിവരം രണ്ടുവർഷം മുമ്പാണ് പുറത്തറിഞ്ഞത്. ഇതിനുപിന്നാലെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെ പെൺകുട്ടികൾ കൊല്ലപ്പെട്ടതായും സംശയമുണർന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷവും പെൺകുട്ടികളെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു കണ്ടെത്തൽ. സ്ഥാപനത്തിന്റെ മേധാവി ബ്രജേഷ് ഠാക്കൂർ ഉൾപ്പെടെയുള്ള 21 പേരാണ് കേസിലെ പ്രതികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.