Thursday
21 Mar 2019

സിബിഐ തലപ്പത്ത് പൂച്ചകളെ പോലെ കടിപിടി: കേന്ദ്രം

By: Web Desk | Wednesday 5 December 2018 7:36 PM IST


രാകേഷ് അസ്താനയും അലോക് വര്‍മ്മയും

ന്യൂഡല്‍ഹി: സിബിഐയുടെ തലപ്പത്തുള്ള രണ്ട് ഉദ്യോഗസ്ഥന്മാര്‍ പൂച്ചകളെ പോലെ കടിപിടി കൂടിയതുകൊണ്ടാണ് കേന്ദ്രത്തിന് സിബിഐയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ വേണ്ടി പൊതുതാല്‍പര്യ പ്രകാരം ഇടപെടേണ്ടി വന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍.

‘ഈ രണ്ടു ഉദ്യോഗസ്ഥന്മാരും എന്തു ചെയ്യുകയാണെന്ന് സര്‍ക്കാര്‍ അതിശയത്തോടെയാണ് നോക്കിയത്, അവര്‍ പൂച്ചകളെ പോലെ കടിപിടി കൂടി…. അസാധാരണ സാഹചര്യമാണ് അലോക് വര്‍മ്മയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഇടയാക്കിയത്,’ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. സിബിഐ തലവനായിരുന്ന വര്‍മ്മയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇറക്കിയ പാതിരാ ഉത്തരവില്‍ നിന്നും വായിക്കുകയായിരുന്നു അദ്ദേഹം.

‘കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ (സിവിസി) സ്വന്തം തീരുമാനം എടുക്കുകയായിരുന്നു- ഈ രണ്ടു സിബിഐ ഉദ്യോഗസ്ഥന്മാര്‍ കടുംപിടുത്തം തുടര്‍ന്നപ്പോള്‍ കേന്ദ്രത്തിന് ഉത്കണ്ഠ ഉണ്ടായിരുന്നു. സിവിസി ശരിയും തെറ്റും തീരുമാനിക്കട്ടെ. സിബിഐ പരിഹാസത്തിന് ഇരയാവുകയും ടിവി ചാനലുകള്‍ അത് ആഘോഷിക്കുകയുമായിരുന്നു’, വേണുഗോപാല്‍ പറഞ്ഞു. തന്നെ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ പരാതി കേള്‍ക്കുകയായിരുന്നു സുപ്രിം കോടതി.

സിബിഐ ഡയറക്ടറെ ഒരു സമിതിയുടെ അംഗീകാരത്തോടെ മാത്രമേ മാറ്റാന്‍ പാടുള്ളുവെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അലോക് വര്‍മ്മയ്ക്കു വേണ്ടി ഹാജരായ ഫാലി നരിമാന്‍ പറഞ്ഞു. സിബിഐ നല്‍കിയ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെ തുടര്‍ന്ന് നവംബര്‍ 20 ന് പരമോന്നത കോടതി കേസ് കേള്‍ക്കുന്നത് നിര്‍ത്തിവച്ചിരുന്നു. സിബിഐ ചീഫ് അലോക് വര്‍മ്മയും ഡപ്യൂട്ടി ചീഫ് രാകേഷ് അസ്താനയും അഴിമതി നടത്തിയെന്നാണ് ആരോപണം. ഹൈദരാബാദ് ആസ്ഥാനമായുള്ള ബിസിനസ്സുകാരനില്‍ നിന്നും അസ്താന കൈക്കൂലി വാങ്ങിയെന്ന് സിബിഐ ഡയറക്ടര്‍ ആരോപിച്ചു. എന്നാല്‍, വര്‍മ്മയാണ് കൈക്കൂലി വാങ്ങിയതെന്ന് അസ്താനയും ആരോപിച്ചു.