സിബിഐ ജോയിന്റ് ഡയറക്ടര്‍ 14 പേരെ വധിച്ച വ്യാജഏറ്റുമുട്ടലില്‍ പങ്കാളിയെന്ന്

Web Desk
Posted on September 28, 2019, 12:50 pm

ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയില്‍ വീണ്ടും ഉന്നത ഉദ്യോഗസ്ഥപ്പോര്. ഝാര്‍ഖണ്ഡില്‍ വ്യാജ ഏറ്റമുട്ടല്‍ നടത്തി 14 നിരപരാധികളെ വധിച്ച കേസില്‍ സിബിഐയിലെ ജോയിന്റ് ഡയറക്ടര്‍ക്ക് പങ്കുണ്ടെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കി. ഡിവൈഎസ്പി എന്‍ പി മിശ്രയാണ് സിബിഐ ജോയിന്റ് ഡയറക്ടര്‍ എ കെ ഭട്‌നാഗറിനെതിരെ ഗുരുതര ആരോപണവുമായി കത്ത് നല്‍കിയത്.

സിബിഐ മേധാവി, ചീഫ് വിജിലന്‍സ് കമ്മിഷണര്‍ എന്നിവര്‍ക്കും കത്തിന്റെ കോപ്പി നല്‍കിയിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളില്‍ പങ്കാളിയാണ് ഭട്‌നാഗറെന്ന് കത്തില്‍ വിശദീകരിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. നിലവില്‍ അഡ്മിനിസ്‌ട്രേഷന്‍ ജോയിന്റ് ഡയറക്ടറായ ഭട്‌നാഗര്‍ ഝാര്‍ക്കണ്ഡില്‍ 14 നിരപരാധികളെ വധിച്ച വ്യാജ ഏറ്റമുട്ടല്‍ സംഭവത്തില്‍ ബന്ധമുള്ളയാളാണെന്നും ഈ കേസ് ഇപ്പോള്‍ സിബിഐ എസ് സി ബ്രാഞ്ച് അന്വേഷിക്കുന്നതായി മനസിലാക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നേരത്തേ തന്നെ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഡില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് മിശ്ര ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ സിബിഐ ഇത് നിരാകരിക്കുകയാണുണ്ടായത്. തന്നെ സ്ഥലം മാറ്റിയ നടപടിയെയും മിശ്ര വിമര്‍ശിക്കുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യം നടത്തി നാടുവിട്ടവരെ കണ്ടെത്തുന്നതിന് ഇന്റര്‍പോളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ചുമതലയിലാണ് നിലവില്‍ മിശ്ര പ്രവര്‍ത്തിക്കുന്നത്. സ്ഥലം മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അഴിമതിയും ക്രമക്കേടുകളും പരസ്പരം ഉന്നയിച്ച് കഴിഞ്ഞ വര്‍ഷവും സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരസ്പരം പോരടിച്ചിരുന്നു. ഡയറക്ടര്‍ രാകേഷ് അസ്താന വന്‍കിടവ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സതീഷ്ബാബു സേനയില്‍ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു അന്നത്തെ ആരോപണം.