Tuesday
26 Mar 2019

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ സിവിസിയെ കണ്ട് ആരോപണം നിഷേധിച്ചു

By: Web Desk | Thursday 8 November 2018 10:24 PM IST


സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ (ഇടത്), സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന (ഫയല്‍ ചിത്രം)

ഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷ്ണര്‍ (സിവിസി) കെ ബി ചൗധരിയെ സന്ദര്‍ശിച്ച് തനിക്കെതിരെ ഡപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ചു. ഇന്ന് ഉച്ചയ്ക്ക് സിവിസി ആസ്ഥാനത്ത് എത്തിയ വര്‍മ്മ രണ്ടു മണിക്കൂര്‍ സംഭാഷണത്തിലേര്‍പ്പെട്ടു.

സിബിഐ തലപ്പത്ത് അന്യോന്യം ഉണ്ടായ അഴിമതി ആരോപണങ്ങളെ കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനോട് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ 26 ന് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. വര്‍മ്മയോടും അസ്താനയോടും കേന്ദ്രസര്‍ക്കാര്‍ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കെയാണ്.

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയും സിവിസിയെ സന്ദര്‍ശിച്ചു. സിവിസി ഇതിനകം ആരോപണങ്ങള്‍ക്കു വിധേയമായ നിരവധി രേഖകള്‍ പരിശോധിച്ചിട്ടുണ്ട്. കാലിക്കടത്ത് കേസുമായി ബന്ധപ്പെട്ട് സീനിയര്‍ അതിര്‍ത്തി സുരക്ഷാസേന ഉദ്യോഗസ്ഥനെ കേരളത്തില്‍ വച്ച് നോട്ടുകെട്ടുകളുമായി പിടികൂടിയതിന്റെ റെക്കോര്‍ഡും പരിശോധിക്കുന്നു. മൊയീന്‍ ഖുറേഷി അഴിമതി കേസ്, മുന്‍ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട ഐആര്‍സിടിസി തട്ടിപ്പ് എന്നിവയുടെ രേഖകളും പരിശോധിക്കുന്നുണ്ട്.