Janayugom Online
mamtha

സിബിഐ‑പൊലീസ് ബലപരീക്ഷണം; കമ്മിഷണറെ അറസ്റ്റ് ചെയ്യരുത്

Web Desk
Posted on February 05, 2019, 11:07 pm

ന്യൂഡല്‍ഹി: സിബിഐ‑പൊലീസ് ബലപരീക്ഷണത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണറെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
കമ്മിഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുന്‍പാകെ ഹാജരാകണമെന്ന് ഉത്തരവിട്ട കോടതി ചോദ്യംചെയ്യല്‍ നിഷ്പക്ഷ സ്ഥലമെന്നത് കണക്കിലെടുത്ത് ഷില്ലോങില്‍ വച്ചാകണമെന്നും നിര്‍ദ്ദേശിച്ചു. അതേസമയം കൊല്‍ക്കത്ത പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം പരമോന്നത കോടതി തള്ളി.
രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക് മുന്നോട്ട് പോകാം. ബലപ്രയോഗം പാടില്ല. കമ്മിഷണര്‍ തന്റെ കൈവശമുള്ള മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.
കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യവും സുപ്രീംകോടതി പരിശോധിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കമ്മിഷണര്‍ക്കും നോട്ടീസ് അയച്ചു. 18 ാം തീയതിക്ക് മുന്‍പ് നോട്ടീസിന് മറുപടി നല്‍കണം.
ശാരദ, റോസ്‌വാലി ചിട്ടി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച തെളിവുകളും കൃത്രിമം നടത്തിയ ഫോണ്‍ രേഖകളുമാണ് പൊലീസ് സിബിഐക്ക് കൈമാറിയതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി.
അതേസമയം സര്‍ക്കാരിനെ അപമാനിക്കാനാണ് സിബിഐ ശ്രമിച്ചതെന്ന് പശ്ചിമ ബംഗാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഐപിസി 201 പ്രകാരം ഒരു എഫ്‌ഐആര്‍ പോലും രാജീവ് കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.
രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അസാധാരണമായ സാഹചര്യം ഉടലെടുത്തത്. ഇവരെ പിന്നീട് വിട്ടയക്കുകയാണുണ്ടായത്. സിബിഐ ഓഫീസുകളും ജോയിന്റ് ഡയറക്ടറുടെ വസതിയും പൊലീസ് വളഞ്ഞതോടെ സിആര്‍പിഎഫിനെ വിന്യസിക്കേണ്ടിവന്നിരുന്നു. പിന്നീട് ഇത് നിയമയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു.
സിബിഐയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനായി ഉപയോഗിക്കുകയാണെന്ന ശക്തമായ ആരോപണം ഉയര്‍ന്നിരുന്നു. ഭരണഘടനയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തുന്ന സത്യഗ്രഹം മൂന്നാംദിവസമായ ഇന്നലെ അവസാനിപ്പിച്ചു. മമമതക്ക് പിന്തുണയുമായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ആര്‍ജെഡി നേതാവ് തേജസ്വി യാദവും സമരവേദിയിലെത്തിയിരുന്നു.

ധാര്‍മിക വിജയം: മമത

കൊല്‍ക്കത്ത: സുപ്രീംകോടതി ഉത്തരവ് ധാര്‍മിക വിജയമെന്ന് അവകാശപ്പെട്ട് മമത ബാനര്‍ജി. താന്‍ ശബ്ദമുയര്‍ത്തിയത് രാജീവ് കുമാറിനു വേണ്ടി മാത്രമല്ലെന്നും രാജ്യത്തെ കോടിക്കണക്കായ ആളുകള്‍ക്കു വേണ്ടി കൂടിയാണെന്നും മമത പറഞ്ഞു.
രാജ്യത്തിന്റെ ബിഗ് ബോസ് മോഡിയല്ല, ജനാധിപത്യമാണ്. എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ നിശബ്ദരാക്കാന്‍ സിബിഐയെ ദുരുപയോഗം ചെയ്തതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും മമത പറഞ്ഞു. കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണ്. പരസ്പര വിശ്വാസമാണ് വേണ്ടതെന്ന് കേന്ദ്രസര്‍ക്കാരിനോട് മമത പറഞ്ഞു.
പരസ്പരധാരണയില്‍ ഒരു സ്ഥലത്തുവച്ച് കൂടിക്കാഴ്ച നടത്താമെന്നും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ദുരീകരിക്കാമെന്നും രാജീവ് കുമാര്‍ സിബിഐയെ അറിയിച്ചിരുന്നു. പക്ഷെ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഒരു രഹസ്യ ഓപ്പറേഷനുമായി രാത്രി വീട്ടിലെത്തി. എന്നാല്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയെന്നും ഇത് വലിയ വിജയമാണെന്നും മമത പറഞ്ഞു. കേസില്‍ തുടരന്വേഷണം സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ ആയിരിക്കുമെന്നത് ബംഗാള്‍ സര്‍ക്കാരിന് ആശ്വാസമാണ്.