കണക്ക് പരീക്ഷയില്‍ പഴയ ചോദ്യപേപ്പറാണ് ലഭിച്ചതെന്ന പരാതി വ്യാജമാണെന്ന് സിബിഎസ് ഇ ഹൈക്കോടതിയില്‍

Web Desk
Posted on April 29, 2018, 1:21 pm

കൊച്ചി: കോട്ടയത്ത് സി.ബി.എസ്.ഇ കണക്ക് പരീക്ഷയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പഴയ ചോദ്യപേപ്പറാണ് ലഭിച്ചതെന്ന പരാതി വ്യാജമാണെന്ന് സി.ബി.എസ്.ഇ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

പഴയ ചോദ്യപേപ്പറെന്ന പേരില്‍ പെണ്‍കുട്ടി നല്‍കിയത് 2016ല്‍ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയെഴുതിയ സഹോദരന്റെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണെന്നും സി.ബി.എസ്.ഇ ആരോപിച്ചു. ചോദ്യപേപ്പര്‍ മാറിനല്‍കിയതിനെ തുടര്‍ന്ന് താഴത്തങ്ങാടി കുമ്മനം ചാത്തന്‍കോട്ടുമാലിയില്‍ സലിമിന്റെ മകള്‍ അമീയ സലിമിന് പുന:പരീക്ഷ നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കഴിഞ്ഞ മാസം 28ന് നടന്ന സി.ബി.എസ്.ഇ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് അമീയയ്ക്ക് മാറി ലഭിച്ചത്. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അമീയ വടവാതൂര്‍ നവോദയ സ്‌കൂളിലാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷയ്ക്കു ശേഷം പുറത്തിറങ്ങി സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് ചോദ്യപേപ്പര്‍ മാറിയതായി കണ്ടെത്തിയത്. രണ്ടു വര്‍ഷം മുന്‍പ് പരീക്ഷയെഴുതിയ അമീയയുടെ സഹോദരന് ഇതേ ചോദ്യപേപ്പര്‍ തന്നെയാണ് ലഭിച്ചത്. തുടര്‍ന്ന് പരീക്ഷാസൂപ്രണ്ട് കൂടിയായ പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഇക്കാര്യം പ്രിന്‍സിപ്പല്‍ സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസില്‍ ഇ ‑മെയിലായി അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ലെന്നും മൂല്യനിര്‍ണയം ഉടന്‍ തുടങ്ങുമെന്ന് അവര്‍ അറിയിച്ചെന്നും ഹര്‍ജിക്കാരി വ്യക്തമാക്കുന്നു. താന്‍ എഴുതിയ ഉത്തരങ്ങള്‍ തനിക്ക് ലഭിച്ച പഴയ ചോദ്യപേപ്പര്‍ വച്ച്‌ മൂല്യ നിര്‍ണയം നടത്തണമെന്നാണ് അമീയയുടെ ആവശ്യം.

എന്നാല്‍,​ ചോദ്യപേപ്പര്‍ മാറി കിട്ടാനുള്ള യാതൊരു സാദ്ധ്യതയുമില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. 43237612018 എന്ന റോള്‍ നമ്പറിലുള്ള വിദ്യാര്‍ത്ഥിയുടെ മുന്‍പും ശേഷവുമുള്ളവര്‍ക്ക് 30/2, 30/1 എന്നീ കോഡുകളിലുള്ള ചോദ്യപേപ്പറുകളാണ് ലഭിച്ചത്. അതായത് പരാതി നല്‍കിയ വിദ്യാര്‍ത്ഥിയ്ക്ക് ലഭിക്കേണ്ടത് 30/3 എന്ന ചോദ്യപേപ്പറാണ്. എന്നാല്‍ കുട്ടി കാണിച്ചിരിക്കുന്നത് 30/1 കോഡിലുള്ള ചോദ്യപേപ്പര്‍ തന്നെയാണെന്നും സി.ബി.എസ്.ഇ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ചോദ്യം മാറിയെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. അമീയയുടെ സഹോദരന്‍ 2016ല്‍ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ എഴുതിയപ്പോള്‍ അന്നത്തെ സീറ്റ് ക്രമം അനുസരിച്ച്‌ ലഭിച്ചത് 30/1 എന്ന കോഡിലുള്ള ചോദ്യപേപ്പറാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ ചോദ്യപേപ്പര്‍ 2016ലേതാണെന്ന് പറയുന്നുണ്ടെന്നും ഈ ചോദ്യപേപ്പര്‍ ആ വര്‍ഷത്തിലേതാണെന്ന് കുട്ടിയ്ക്ക് എങ്ങനെ മനസിലായെന്നും സി.ബി.എസ്.ഇ സംശയം ഉന്നയിച്ചു.

അമീയ ഗണിതശാസ്ത്രത്തില്‍ പിന്നോട്ടായിരുന്നെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നുണ്ട്. അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് 80ല്‍ അഞ്ച് മാര്‍ക്കും മോഡല്‍ പരീക്ഷയ്ക്ക് 80ല്‍ 10 മാര്‍ക്കുമാണ് അമീയയ്ക്ക് ലഭിച്ചിത്. പരീക്ഷാദിവസം ഉത്തരമെഴുതി പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 2:50നാണ് വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പലിനെ സമീപിച്ചത്. ചോദ്യപേപ്പര്‍ മാറിയെങ്കില്‍ അക്കാര്യം പരീക്ഷാ തുടങ്ങിയപ്പോള്‍ തന്നെ ഹാളിലുണ്ടായിരന്ന ഇന്‍വിജിലേറ്ററെ അറിയിക്കാമായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.