Web Desk

ന്യൂഡല്‍ഹി

December 03, 2020, 9:02 pm

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: സുപ്രീം കോടതി

Janayugom Online

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിബിഐ, എന്‍ഐഎ, ഇ ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്യുന്ന ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇവെസ്റ്റിഗേഷന്‍ ഓഫീസ്) എന്നിവയുടെ ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ശബ്ദം റെക്കോഡ് ചെയ്യാന്‍ കഴിയുന്നതുമായ ക്യാമറകള്‍ ആണ് സ്ഥാപിക്കേണ്ടത്. ചോദ്യം ചെയ്യുന്ന ഓഫീസുകളില്‍ എവിടെയെങ്കിലും വൈദ്യുതി കണക്ഷനോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലെങ്കില്‍ അവ എത്രയുംവേഗം ഉറപ്പാക്കണം. സിസിടിവിയിലെ ദൃശ്യങ്ങള്‍ 18 മാസം സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിസിടിവിയുടെ പരിധിയില്‍ വരാത്ത ഒരു ഭാഗവും പൊലീസ് സ്റ്റേഷനില്‍ ഉണ്ടാകരുത് എന്ന് കോടതി വ്യക്തമാക്കി. സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്ന വഴികളിലും പുറത്തേക്ക് പോകുന്ന വഴികളിലും കാമറ സ്ഥാപിക്കണം. റിസപ്ഷന്‍, ലോക് അപ്പ്, വരാന്ത, ഇന്‍സ്പെക്ടറുടെ മുറി, ശുചിമുറികളുടെ പുറംഭാഗം തുടങ്ങിയ ഇടങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നു.

കസ്റ്റഡി പീഡനം തടയുന്നതിന് രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ വയ്ക്കണമെന്ന് 2018‑ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം ഏതൊക്കെ പൊലീസ് സ്റ്റേഷനുകളില്‍ എവിടെയൊക്കെ എത്രയൊക്കെ സിസിടിവി കാമറകള്‍ വച്ചു എന്ന് അറിയിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചിരുന്നു.

ENGLISH SUMMARY:CCTV cam­eras should be installed in police sta­tions: Supreme Court
You may also like this video