തെറ്റ് ആരുടെ ഭാഗത്ത് ? അങ്കമാലി വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്- വീഡിയോ

Web Desk
Posted on November 25, 2019, 2:51 pm

കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വണ്‍ വേയില്‍ നിന്ന് അടുത്ത ട്രാക്കിലേക്ക് ഓട്ടോ തിരിയുമ്പോഴാണ് അപകടം നടന്നത്. അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര സ്വദേശി ജോസഫ്, യാത്രക്കാരായ മേരി മത്തായി, മേരി ജോര്‍ജ്, റോസി തോമസ് എന്നിവരാണ് മരിച്ചത്.

സംഭവസ്ഥലത്തു വച്ചുതന്നെ യാത്രക്കാര്‍ മരിച്ചിരുന്നു. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അതിവേഗത്തില്‍ എത്തിയ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി.