ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിന് ധാരണയിലെത്തിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിൽ ധാരണയിലെത്തിയതായി പ്രതിനിധി സംഘം അറിയിച്ചതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. കരാറിന് യുദ്ധകാര്യ മന്ത്രിസഭ അംഗീകാരം നല്‍കി. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളേയും തിരികെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മടങ്ങിയെത്തിയാൽ അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ബന്ദികളെ സ്വീകരിക്കാൻ നെതന്യാഹു പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് നിര്‍ദേശം നൽകി.
കരാര്‍ മന്ത്രിസഭ അംഗീകരിച്ചാല്‍ നാളെ മുതല്‍ വെടിനിര്‍ത്തലും ബന്ദിമോചനവും പ്രാബല്യത്തില്‍വരും. ഹമാസുമായുള്ള വെടിനിർത്തൽ കരാർ അന്തിമമാക്കുന്നതിൽ തടസങ്ങളുണ്ടെന്ന നെതന്യാഹുവിന്റെ പ്രസ്താവന പിരിമുറുക്കം വര്‍ധിപ്പിച്ചിരുന്നു. ഹമാസ് വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നായിരുന്നു ആരോപണം. ഈജിപ്തുമായുള്ള ഗാസയുടെ അതിർത്തിക്ക് സമീപം ഇസ്രയേൽ സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ടായിരുന്നു. വെടിനിർത്തൽ കരാറിന് തീവ്ര വലതുപക്ഷ സഖ്യകക്ഷികളിൽ നിന്ന് എതിര്‍പ്പ് നേരിട്ട സാഹചര്യത്തിലായിരുന്നു മന്ത്രിസഭാ വോട്ടെടുപ്പ് വെെകിപ്പിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനം.
അധികാരത്തിൽ തുടരാന്‍ പിന്തുണ ആവശ്യമായതിനാല്‍ സഖ്യകക്ഷികളുടെ പ്രതികരണം നിർണായകമാണ്. ഇസ്രയേൽ വെടിനിർത്തലിന് അംഗീകാരം നൽകിയാൽ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് തീവ്ര വലതുപക്ഷ നേതാവായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതോടെ നെതന്യാഹു രാഷ്ട്രീയമായി പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്‍.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനുനേരെ ആക്രമണം നടത്തിയതോടെയാണ് 15 മാസം നീണ്ട യുദ്ധത്തിന് തുടക്കമിട്ടത്. 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു. എന്നാല്‍ ഇസ്രയേലിന്റെ പ്രതികാര നടപടിയില്‍ 46,000 ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷവും ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഗാസയില്‍ കടുത്ത ആക്രമണം നടത്തുകയും 80ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ആറാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ഒന്നാം ഘട്ടം. ഇക്കാലയളവില്‍ സ്ത്രീകളും കുട്ടികളും 50 വയസിനു മുകളില്‍ പ്രായമായവരുമുള്‍പ്പെടെ 33 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കും. ഇസ്രയേൽ തടങ്കലിൽ കഴിയുന്ന പലസ്തീൻ തടവുകാരെ വിട്ടയ്ക്കും. ഒക്ടോബര്‍ ഏഴിനു ശേഷം തടവിലാക്കിയ എല്ലാ പലസ്തീനിയന്‍ സ്ത്രീകളെയും 19 വയസിനു താഴെയുള്ളവരെയും ആദ്യഘട്ടത്തിന്റെ അവസാനത്തോടെ വിട്ടയയ്ക്കും. ഗാസയുടെ മധ്യഭാഗത്തുനിന്ന് ഇസ്രയേല്‍ സെെന്യത്തെ പിന്‍വലിക്കുകയും കുടിയിറക്കപ്പെട്ട പലസ്തീനികളെ ഗാസയിലേക്ക് തിരിയെത്തിക്കും. ഗാസയിലേക്കുള്ള മാനുഷിക സഹായ ട്രക്കുകളുടെ എണ്ണം 650 ആയി ഉയര്‍ത്തും.
നെറ്റ്സാരിം ഇടനാഴിയില്‍ നിന്നുള്ള ഇസ്രയേല്‍ സെെന്യത്തിന്റെ പിന്മാറും. എന്നാല്‍ ആദ്യ ഘട്ടം അവസാനിക്കുന്നതുവരെ ഫിലാഡെല്‍ഫി ഇടനാഴിയുടെ നിയന്ത്രണം നിലനിര്‍ത്തും. രണ്ടാംഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യഘട്ടത്തിന്റെ 16-ാം ദിവസം ആരംഭിക്കും. ബാക്കിയുള്ള ബന്ദികളുടെ മോചനം, സ്ഥിരമായ വെടിനിര്‍ത്തല്‍, ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ സെെനികരുടെ പൂര്‍ണമായ പിന്മാറ്റം എന്നിവ ഈ ഘട്ടത്തില്‍ ഉള്‍പ്പെടും. അവശേഷിക്കുന്ന ഇസ്രയേല്‍ സെെനികരെയും പുരുഷന്‍മാരെയും ഹമാസ് വിട്ടയ്ക്കും. ഈജിപ്ത്, ഖത്തര്‍, ഐക്യരാഷ്ട്ര സഭ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഗാസയില്‍ പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പിലാക്കും. മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ പരസ്പരം കെെമാറും. ഗാസയിലേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിനായി അതിര്‍ത്തികള്‍ നിയന്ത്രണങ്ങളില്ലാതെ തുറന്നുനല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.