19 April 2024, Friday

സിമന്റ്, കമ്പി വില കുതിക്കുന്നു: നിർമ്മാണ മേഖല പ്രതിസന്ധിയിൽ

Janayugom Webdesk
കോഴിക്കോട്
October 11, 2021 3:27 pm

ഇന്ധന വില വർധനവിനൊപ്പം സിമന്റ്, കമ്പി വിലയും കുതിച്ചുകയറുന്നത് ജനങ്ങളെ പ്രയാസത്തിലാക്കുന്നു. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി എത്തുന്ന സാധാരണക്കാർ വിലക്കയറ്റം കാരണം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കോവിഡും ലോക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് നിർമ്മാണ മേഖല കരകയറുന്നതിനിടെയാണ് വിലക്കയറ്റം പ്രയാസം സൃഷ്ടിക്കുന്നതെന്ന് വ്യാപാരികളും നാട്ടുകാരും കോൺട്രാക്ടർമാരും പറയുന്നു. സിമന്റ് ചാക്കിന് 510 രൂപ വരെയും കമ്പിയ്ക്ക് കിലോയ്ക്ക് 80 രൂപ വരെയും വില ഉയർന്നിട്ടുണ്ട്. 360 രൂപയായിരുന്ന സിമന്റിന് പിന്നീട് 420ലേക്ക് എത്തുകയായിരുന്നു. താമസിയാതെ 450ലെത്തി. അതാണിപ്പോള്‍ അഞ്ഞൂറിന് മുകളിലെത്തി നില്‍ക്കുന്നത്.

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇന്ധന വില വര്‍ധനവുമാണ് സിമന്റ് വില വര്‍ധിക്കാന്‍ കാരണമായി പറയുന്നത്. വില ഇനിയും ഉയരുകയാണെങ്കില്‍ നിര്‍മ്മാണ രംഗം സ്തംഭിക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സിമന്റ് വ്യാപാരികളും കരാറുകാരുമെല്ലാം വില വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നിരന്തര സമരത്തിലാണ്. നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, നിര്‍മ്മാണ സാമഗ്രികളുടെ സംഭരണവും വിതരണവും സര്‍ക്കാര്‍ ഏറ്റെടുക്കുക, സിമന്റ് നിര്‍മ്മാതാക്കളുടെ കൊള്ളയടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി)യും പ്രതിഷേധ രംഗത്തുണ്ട്.
ഇന്ധന വില വര്‍ധനവ് സിമന്റ് വില വർധനക്ക് കാരണമാവുന്നുണ്ടെന്ന് സിമന്റ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നു. വിലക്കയറ്റം സര്‍ക്കാറിന്റെ നിര്‍മ്മാണ പ്രവൃത്തികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിലക്കയറ്റം കാരണം നിര്‍മ്മാണ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷനും സമര രംഗത്തുണ്ട്. വിലയില്‍ ഏകീകരണമില്ലാതെ സിമന്റിന് തോന്നിയ രീതിയില്‍ എം ആര്‍ പി അടിച്ചു വില്‍പ്പനക്കെത്തുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും ഇതു മാറി ഏകീകൃത വില സമ്പ്രദായം കൊണ്ടുവരണമെന്നുമാണ് സിമന്റ് വ്യാപാരികളുടെ ആവശ്യം. സിമന്റിനും കമ്പിക്കും പുറമെ ഇലക്ട്രിക്, പ്ലംബിംഗ് സാമഗ്രികളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.
സിമന്റ് ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതിനാല്‍ സിമന്റ് കട്ട നിര്‍മ്മാണവും പ്രതിസന്ധിയിലാണ്. തൊഴിലാളികളുടെ കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവും ചേരുമ്പോള്‍ മേഖല നഷ്ടത്തിലേക്ക് പോവുകയാണ്. വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. നിരവധി കുടുംബങ്ങളാണ് പ്രയാസത്തിലേക്ക് നീങ്ങുന്നതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.