September 24, 2023 Sunday

കേന്ദ്രത്തിന്റേത് ശത്രുരാജ്യത്തോടുള്ള സമീപനം

Janayugom Webdesk
May 29, 2023 5:00 am

സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ച് ഒരു സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നതിനുള്ള ബോധപൂര്‍വമായ നടപടി രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍തന്നെ കൈക്കൊള്ളുന്ന അസാധാരണമായ സാഹചര്യത്തിനാണ് നാം സാക്ഷിയാകുന്നത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്, പിന്തിരിപ്പന്‍, ജനവിരുദ്ധ നയങ്ങള്‍ക്ക് ബദലുയര്‍ത്തി മുന്നോട്ടുപോകുന്ന നമ്മുടെ കേരളത്തെ ശ്വാസം മുട്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികാരത്തിലെത്തിയതു മുതല്‍ അവര്‍ ആരംഭിച്ചതാണ്. കാവിപ്പടയെ പടിക്കു പുറത്തുനിര്‍ത്തിയതിന്റെ വെറുപ്പ് മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ഫെഡറലിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഓരോ ഘട്ടത്തിലും തങ്ങള്‍ക്കാവുന്ന നിലയിലെല്ലാം വെറുപ്പിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ നരേന്ദ്ര മോഡിയുടെ ഭാഗത്തുനിന്നുണ്ടായി. അതിന്റെ ഒടുവിലത്തേതാണ്, കേരളത്തിന് അര്‍ഹമായി ലഭിക്കേണ്ട ധനസഹായം വീണ്ടും വെട്ടിക്കുറച്ചും വായ്പയെടുക്കുന്നതിനുള്ള പരിധി പരിമിതപ്പെടുത്തിയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതിനുള്ള നീക്കം. 2018ല്‍ നേരിടേണ്ടിവന്ന മഹാപ്രളയത്തിന്റെ ദുരിതങ്ങള്‍ മറികടക്കുന്നതിന് കേരളത്തിന്റെ പുന‍ര്‍നിര്‍മ്മാണത്തിനുള്ള പദ്ധതികളെപ്പോലും തുരങ്കം വയ്ക്കുന്നതിന് അവര്‍ സന്നദ്ധമായി. വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുമായിരുന്ന സാമ്പത്തിക സഹായം സ്വീകരിക്കരുതെന്ന തിട്ടൂരമിറക്കിയാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ നരേന്ദ്ര മോഡി സര്‍ക്കാര്‍ തടയിടാന്‍ ശ്രമിച്ചത്. എങ്കിലും കേന്ദ്രത്തിന്റെ തടസവാദങ്ങളെല്ലാം ചെറുത്തുകൊണ്ട് കേരളജനത ഒറ്റക്കെട്ടായി അതിനെ മറികടന്ന് മുന്നേറുകയാണ്.

 


ഇതുകൂടി വായിക്കു; പുതിയ പാര്‍ലമെന്റ് മന്ദിരവും അതിന്റെ ഉദ്ഘാടനവും


ഓരോ വര്‍ഷവും സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ധനവിഹിതവും ജിഎസ്‍ടി വിഹിതവുമൊക്കെ വെട്ടിക്കുറയ്ക്കുന്ന സമീപനം ആവര്‍ത്തിക്കുകയായിരുന്നു. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട നികുതി വിഹിതം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്നു. പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നത് 14-ാം ധനകാര്യ കമ്മിഷന്റെ കാലമാകുമ്പോഴേയ്ക്കും 2.5 ശതമാനമായി കുറച്ചു. 15-ാം ധനകാര്യ കമ്മിഷന്റെ കാലമാകുമ്പോള്‍ അത് വീണ്ടും കുറച്ച് 1.925 ശതമാനമാക്കി. 2020–21ല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ഗ്രാന്റിനത്തില്‍ 5141.92 കോടി രൂപ ലഭിച്ചിരുന്നിടത്ത് 2021–22ല്‍ 3801.75 കോടിയായി കുറച്ചു. ആസൂത്രണ കമ്മിഷന്‍ നിലവിലുണ്ടായിരുന്ന കാലത്ത് സംസ്ഥാനത്തിന് ലഭിച്ചുവന്നിരുന്ന ഒറ്റത്തവണ കേന്ദ്ര സഹായം, അധിക കേന്ദ്ര സഹായം, സാധാരണ കേന്ദ്ര സഹായം എന്നിവ നിതി ആയോഗ് വന്നതോടെ നിര്‍ത്തലാക്കുകയും ചെയ്തു. കേന്ദ്ര സഹായം കുറയുകയും ചരക്കുസേവന നികുതി നടപ്പിലാക്കിയതോടെ നികുതി വരുമാനത്തില്‍ കുറവുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ കടമെടുപ്പിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന പോംവഴി സ്വീകരിക്കുവാനും സാധിക്കാത്ത സ്ഥിതിയാണ് പിന്നീട് സൃഷ്ടിച്ചുകൊണ്ടിരുന്നത്. വായ്പാപരിധി പരിമിതപ്പെടുത്തി ബുദ്ധിമുട്ടിക്കുകയെന്നതായിരുന്നു കേന്ദ്രം കണ്ടെത്തിയ മാര്‍ഗം. നടപ്പു സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തെ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം 32,000 കോടി രൂപ വായ്പാപരിധി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആകെ 15,390 കോടി രൂപ വായ്പയെടുക്കുന്നതിനാണ് അനുവദിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കു; അങ്ങനെ അവര്‍ക്ക് ചെങ്കോലും ആയി…


 

പലവിധത്തില്‍ സാമ്പത്തിക ഞെരുക്കത്തില്‍ ആക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രം സ്വീകരിക്കുമ്പോഴും സാമ്പത്തിക അച്ചടക്കത്തിലൂടെയും മികച്ച ധനകാര്യ മാനേജ്മെന്റിലൂടെയും സംസ്ഥാനത്തിന് മുന്നോട്ടുപോകുന്നതിന് സാധിച്ചുവെന്നത് ചരിത്രമാണ്. വികസന പ്രവര്‍ത്തനങ്ങളിലോ സാമൂഹ്യ ക്ഷേമ പദ്ധതികളിലോ ഒരിഞ്ച് പിറകോട്ട് പോകേണ്ടിവന്നില്ല. അതേസമയം കേന്ദ്രത്തിന്റെ സ്ഥിതിയെന്താണെന്ന് നമുക്ക് അനുഭവമുള്ളതാണ്. അതിന്റെ ഭാഗമാണ് കേന്ദ്ര പദ്ധതികള്‍ക്കുള്ള വിഹിതം കുറയ്ക്കുന്നതും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ മുടന്തുന്നതും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുഴുവന്‍ പേര്‍ക്കും സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോഡി, സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയെന്നതും രാജ്യത്തെ ദാരിദ്ര്യം ലഘൂകരിക്കുന്നതിന് ആവിഷ്കരിച്ച് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നതും നമ്മുടെ അനുഭവമാണ്. എന്നാല്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക 1600 രൂപയായി ഉയര്‍ത്തുകയും വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള പുതിയ പുതിയ സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുകയാണ് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍. 2020–21ല്‍ കേരളത്തിന്റെ സ്ഥിരവിലയിലുള്ള മൊത്ത ആഭ്യന്തര ഉല്പാദന വളര്‍ച്ചാ നിരക്ക് 12.01 ശതമാനമാണ്. ഇപ്പോഴത്തെ നിരക്കില്‍ കണക്കാക്കിയാല്‍ 17.63 ശതമാനമാണത്. ദേശീയ വളര്‍ച്ചാ നിരക്ക് 8.7 ശതമാനത്തില്‍ നില്‍ക്കുമ്പോഴാണ് സംസ്ഥാനം ഈ നില കൈവരിച്ചതെന്നുമോര്‍ക്കണം. എന്നിട്ടും കേരളത്തെ സഹായിക്കുവാനല്ല, ഗൂഢോദ്ദേശ്യത്തോടെ ദ്രോഹിക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. വായ്പാ പരിധിയിലും മറ്റ് ധനസഹായങ്ങളിലും മാത്രമല്ല കുറവ് വരുത്തിയിരിക്കുന്നത്. റവന്യു കമ്മി ഗ്രാന്റിൽ 10,000 കോടി രൂപയുടെ കുറവ് വരുത്തിയെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ പല വിധത്തിലും ഞെരുക്കുന്നതിനുള്ള ശ്രമങ്ങള്‍ കേവലം അവഗണനയെന്ന വാക്കുകൊണ്ടല്ല വിശേഷിപ്പിക്കേണ്ടത്, തരംതാണ സമീപനമെന്നാണ് വിളിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.