വികസന കാര്യങ്ങളില്‍ കേരളത്തിന് കേന്ദ്രത്തിന്റെ പ്രശംസ

Web Desk
Posted on April 20, 2018, 10:54 pm

ബേബി ആലുവ
കൊച്ചി: കേരളത്തിലെ വികസന പദ്ധതികളുടെ നടത്തിപ്പിനെ കേന്ദ്രം മാതൃകയാക്കുന്നതും രാഷ്ട്രപതി അടക്കമുള്ളവരില്‍ നിന്ന് കേരളം പ്രശംസ നേടുന്നതും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന കള്ള പ്രചാരണങ്ങളുടെ മുനയൊടിക്കുന്നു.
കേന്ദ്രത്തിന്റെ പുതിയ മെട്രോ നയ രൂപവത്കരണത്തിന് മാതൃകയായത് കൊച്ചി മെട്രോ റയില്‍ പദ്ധതിയാണ്. റോഡുവികസനം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍, സ്ത്രീസുരക്ഷ, സാമൂഹിക വികസന സൂചികയില്‍ ലഭിച്ച പ്രഥമസ്ഥാനം ‚ആഭ്യന്തര കുടിയേറ്റക്കാരുടെ മുഖ്യ ലക്ഷ്യ കേന്ദ്രമെന്ന പ്രശസ്തി തുടങ്ങിയവയും ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നു.റോഡ് വികസന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ നടപ്പാക്കുന്നതില്‍ കേരളത്തിനുള്ള പ്രതിബദ്ധതയെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി അഭിനന്ദിച്ചത് ഈയിടെയാണ്. ഡല്‍ഹിയില്‍ മന്ത്രിയുമായി ചര്‍ച്ചയ്‌ക്കെത്തിയപ്പോഴാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ഗഡ്ഗരി നേരിട്ട് പ്രശംസിച്ചത്. പാതകളുടെ വികസനം മാത്രമല്ല, എല്‍എന്‍ ജി പൈപ്പ് ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതും പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും കേന്ദ്ര മന്ത്രി എടുത്തു പറഞ്ഞു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതിക്ക് ജീവന്‍ വച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ഏറെക്കുറെ ഉപേക്ഷിച്ച മട്ടിലായിരുന്നു.മുന്‍ യു പി എ സര്‍ക്കാരും പിന്നീട് പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിയും യുഡിഎഫ് സര്‍ക്കാരിനോട് നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയ ഗഡ്ഗരി ‚ഇത്തരം വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ എപ്പോഴും കേരളത്തിനുണ്ടാകുമെന്ന് മുഖ്യമന്ത്രിയോട് വാഗ്ദാനം നല്‍കുകയും ചെയ്തു.
അടുത്തിടെ കേരളത്തിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സംസ്ഥാനത്തെ പ്രകീര്‍ത്തിക്കാന്‍ വാക്കുകള്‍ ലോഭമില്ലാതെ കോരിച്ചൊരിയുകയായിരുന്നു. കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ ഉജ്വലമായ പാരമ്പര്യത്തെ ശ്ലാഘിച്ച രാഷട്രപതി, കേരളത്തില്‍ ജനിക്കാന്‍ കഴിയാതെ പോയതില്‍ ഖേദിക്കുകയും ചെയ്തു. കൊല്ലത്ത് അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വച്ചായിരുന്നു ഇത്. അമേരിക്കയിലെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രസിദ്ധീകരണമായ വാഷിംഗ്ടണ്‍ പോസ്റ്റ്, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തന ശൈലിയെ പുകഴ്ത്തി ലേഖനം പ്രസിദ്ധീകരിച്ചതും അത് ആഗോളതലത്തില്‍ ശ്രദ്ധ നേടിയതും ഇതിനു പുറമെ.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ 50 ശതമാനം വീതം ഓഹരിയെടുത്ത് നടപ്പാക്കിയ പദ്ധതിയാണ് കൊച്ചി മെട്രോ റയില്‍ പദ്ധതി.അതിന്റെ പ്രായോഗികതയിലെ മികവാണ് ‚പുതിയ മെട്രോ നയത്തിനു രൂപം നല്‍കിയപ്പോള്‍ മാതൃകയാക്കാന്‍ കേന്ദ്രത്തിനു പ്രേരണയായത്.സാമൂഹിക വികസന സൂചിക (സോഷ്യല്‍ പ്രോഗ്രസ് ഇന്‍സെക്‌സ് ) യില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്.ഈയിടെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റീവ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക സമിതിയുടെയും നിതി ആയോഗിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചാണ് എസ്പിഐ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ഗുജറാത്തും കേരളവും തമ്മിലുള്ള പ്രാഥമിക പഠനമാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ഒരദ്ധ്യായം.രാജ്യത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനം ഗുജറാത്താണെങ്കിലും സാമൂഹിക വികസന സൂചികയില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്.സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉല്‍പാദനത്തില്‍ നിന്നുള്ള സാമ്പത്തിക പുരോഗതി മാത്രമല്ല, സാമൂഹിക വികസനത്തിന്റെ തോത് നിശ്ചയിക്കുന്നതെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെക്കാള്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വവും വിഹിതവും നീക്കിവയ്ക്കുന്നത് കേരളമാണെന്നും വനിതാ സാക്ഷരത, ഭൂപരിഷ്‌കരണം തുടങ്ങി പല കാര്യങ്ങളിലും കേരളം ബഹുദൂരം മുന്നിലാണെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്.
സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളമാണെന്ന്, സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ പ്ലാന്‍ ഇന്ത്യ എന്ന അന്താരാഷ്ട്ര സംഘടനയുടെ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നാം സ്ഥാനത്തുള്ള ഗോവയ്ക്ക് കേരളത്തെക്കാള്‍ 19 സ്‌കോര്‍ മാത്രമാണ് കൂടുതല്‍.എങ്കിലും സ്ത്രീകളുടെ ആരോഗ്യ മികവിന്റെ കാര്യത്തില്‍ കേരളമാണ് പ്രഥമസ്ഥാനത്തെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര തൊഴില്‍ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ അസംഘടിത മേഖലയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭ്യമാകുന്ന സംസ്ഥാനം കേരളമാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയും അതിലേറെയും വരുമിത്.
കേരളത്തിന്റെ നേട്ടങ്ങള്‍ പ്രത്യേകം എടുത്തു പറയുന്ന ഔദ്യോഗിക പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് വിറളി പിടിച്ച സംഘപരിവാര്‍ ‚കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന കള്ള പ്രചാരണത്തിന് ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയെത്തന്നെ കളത്തിലിറക്കിയത്. വിവിധ തൊഴിലുകളിലായി ഇതരസംസ്ഥാനക്കാര്‍ ഏറ്റവും കൂടുതലുള്ള കേരളത്തില്‍ അവര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടക്കുന്നു എന്ന വ്യാജവാര്‍ത്ത ഇടക്കാലത്ത് പ്രചരിപ്പിച്ചതിന്റെ പിന്നിലും മറ്റാരുമായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.