കെഎം ജോസഫിനെ ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി

Web Desk
Posted on April 26, 2018, 2:15 pm

ന്യൂഡൽഹി : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാനുള്ള നീക്കത്തിന് തടയിട്ട് കേന്ദ്രസര്‍ക്കാര്‍. കെഎം ജോസഫിനെ ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി. ശുപാര്‍ശ പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തോട് നിര്‍ദേശിച്ചു. കെഎം ജോസഫിന്റെ നിയമനത്തിന് അംഗീകാരം നല്‍കാത്തതിന് പിന്നില്‍ മറ്റ് കാരണങ്ങളില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്രനിയമന്ത്രാലയമാണ് ശുപാര്‍ശ പുനപ്പരിശോധിക്കാന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെഎം ജോസഫിന് നിയമനം നല്‍കിയാല്‍ പ്രാദേശിക പ്രാതിനിധ്യത്തില്‍ വ്യത്യാസം വരും.കേരളത്തിന് അമിത പ്രാധാന്യം നൽകാനാവില്ല.  ജോസഫിനെക്കാള്‍ സീനിയോറിറ്റി ഉള്ള നിരവധി ജഡ്ജിമാര്‍ ഉണ്ട്. അതിനാല്‍ അദ്ദേഹത്തിന് നിയമനം നല്‍കുന്നത് സീനിയോറിറ്റി മറികടക്കലാകും. കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് ജോസഫിനെക്കാളും സീനിയര്‍ ആയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയില്‍ പന്ത്രണ്ടാമതും ഇന്ത്യയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ നാല്‍പ്പത്തിയഞ്ചാം സ്ഥാനത്തുമാണ് ജസ്റ്റിസ് കെഎം ജോസഫ് എന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ മുതിര്‍ന്ന ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ജനുവരി പത്തിനാണ് മുതുര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. കൊളീജിയം ഏകകണ്ഠമായിട്ടായിരുന്നു രണ്ട് പേരുകളും നിര്‍ദേശിച്ചത്. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് മാത്രം കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.

ശുപാര്‍ശ കേന്ദ്രം മടക്കിയാല്‍ അത് അതേപടി തന്നെ വീണ്ടും സമര്‍പ്പിക്കാന്‍ കൊളീജിയത്തിന് അധികാരമുണ്ട്. അങ്ങനെ വന്നാല്‍ കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് അംഗീകരിക്കേണ്ടി വരും.

ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് മാത്രം അംഗീകാരം നല്‍കിയ കേന്ദ്രതീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശയില്‍ തീരുമാനം വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ജുഡീഷ്യറിയുടെ സ്വന്തന്ത്രമായ പ്രവര്‍ത്തനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് ആരോപിച്ചു. ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം അംഗീകരിക്കുന്നത് വരെ ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ നടത്തരുതെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.