ലോക്ഡൗണിന് പിന്നാലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്) പ്രകാരമുള്ള തൊഴിൽ ആവശ്യകത ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും അവസരങ്ങൾ വർധിപ്പിക്കാതെ കേന്ദ്ര സർക്കാർ. നിലവിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട നിരവധി ആളുകൾ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്ന അവസ്ഥയിലാണ്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉണ്ടായിട്ടുള്ള അത്രമാത്രം തൊഴിലവസരങ്ങളെ ഡിസംബറിലും ഈ വർഷം ജനുവരിയിലും ഉണ്ടായിട്ടുള്ളു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2021–2022 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായി 73,000 കോടി രൂപയാണ് സർക്കാർ മാറ്റി വച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ 1,11,500 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 34 ശതമാനത്തിന്റെ കുറവാണ് ഇത്തവണത്തെ ബജറ്റ് വിഹിതത്തിൽ ഉണ്ടായിട്ടുള്ളത്. 2019–20 സാമ്പത്തിക വർഷം 71,686.70 കോടി രൂപയായിരുന്നു ബജറ്റ് വിഹിതം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് പല നഗരങ്ങളിൽ നിന്നും തൊഴിൽ രഹിതരായി ഗ്രാമങ്ങളിലേക്ക് തിരികെയെത്തിയിട്ടുള്ളത്. ഇതേത്തുടർന്നാണ് തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള തൊഴിൽ അവസരങ്ങൾ ഉയർത്തുന്നതിനുള്ള ആവശ്യകത പ്രധാനമായും ഉയർന്നിരിക്കുന്നത്. 2006 ൽ ആവിഷ്കരിച്ച പദ്ധതിയിൽ നിന്ന് 2020 ഏപ്രിൽ ഒന്നിനും 2021 ഫെബ്രുവരി 17 നും ഇടയിൽ 10.51 കോടി വ്യക്തികളോ 7.17 കോടി കുടുംബങ്ങളോ പ്രയോജനം നേടിയിട്ടുണ്ട്. ഇത് ഒരു സാമ്പത്തിക വർഷത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2019 ജൂണിലേതിനേക്കാൾ എംജിഎൻആർഇജിഎസ് പ്രകാരമുള്ള ജോലിയുടെ ആവശ്യകതയിൽ 2020 ജൂണിൽ 80 ശതമാനം വർധനയുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും തൊഴിൽ ആവശ്യകതയിൽ വർധനവ് കണ്ടെങ്കിലും നവംബറിൽ കുറഞ്ഞു, എന്നിരുന്നാലും 2019 നവംബറിനേക്കാൾ 47 ശതമാനം കൂടുതലാണിത്. തമിഴ്നാട്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് രേഖപ്പെടുത്തിയിരിക്കുന്നത്. എംജിഎൻആർജിഎ ഡിമാൻഡ് ഡ്രൈവ് പദ്ധതിയായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിൽ ആവശ്യപ്പെടുന്ന എല്ലാ ജീവനക്കാർക്കും പരമാവധി 100 ദിവസത്തെ തൊഴിൽ ലഭിക്കാൻ അർഹതയുണ്ട്.
ENGLISH SUMMARY: CENTER DESTROYS NREGS PROGRAMMES
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.