26 March 2024, Tuesday

കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ള

ബേബി ആലുവ
കൊച്ചി
April 20, 2022 11:04 pm

പെട്രോളിയം ഉല്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില നിയന്ത്രണമില്ലാതെ കുതിക്കുന്നതിനിടെ, രാജ്യത്ത് ഉല്പാദിപ്പിക്കുന്ന പ്രകൃതി വാതക (എൽഎൻജി )ത്തിന്റെ വില ഇരട്ടിയിലധികമാക്കി കേന്ദ്രസര്‍ക്കാര്‍ വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ എൽഎൻജിയുടെ വില കൂടിയിട്ടുണ്ടെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് ഉല്പാദിപ്പിക്കുന്ന വസ്തുവിന്റെ വില കൂട്ടി കേന്ദ്രത്തിന്റെ പകൽക്കൊള്ള.
രാജ്യത്ത് പ്രകൃതി വാതകത്തിന്റെ 81 ശതമാനവും ഉല്പാദിപ്പിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎൻജിസിയുടെ വാതകത്തിന് ഒരു മില്യൻ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന്റെ വില 221.19 രൂപയായിരുന്നത് 465.27 രൂപയായും റിലയൻസിന്റെ കൃഷ്ണ — ഗോദാവരി ബ്ലോക്കിൽ നിന്നുള്ള വാതകത്തിന് 467 ൽ നിന്ന് 756.63 രൂപയുമായാണ് വർധിച്ചത്. നികുതികൾ കൂടിയാകുമ്പോൾ വിലയിൽ പിന്നെയും വർധനവുണ്ടാകും. വിലയുടെ കാര്യത്തിൽ ഏകീകരണമുണ്ടാക്കാനും സർക്കാരിനു കഴിഞ്ഞിട്ടില്ല.
കൊച്ചിയില്‍ പുതുവൈപ്പിനിലുള്ള എല്‍എന്‍ജി ടെര്‍മിനലിന്റെ സംഭരണ ശേഷി പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ടണ്‍ ആണ്. ഇവിടെ നിന്നാണ് കര്‍ണാടകമടക്കമുള്ള മേഖലകളിലേക്ക് എല്‍എന്‍ജി എത്തിക്കുന്നത്.
രാജ്യത്ത് പല പ്രമുഖ നഗരങ്ങളിലും ഒഎൻജിസിയുടെ വാതകമാണ് വിതരണം ചെയ്യുന്നത്. ഡീസൽ വില ഉയരുന്നതിനാൽ കെഎസ്ആർടിസിയുടെ 400 ഓളം ബസുകൾ പ്രകൃതി വാതകത്തിലേക്കു മാറ്റാൻ കഴിഞ്ഞ വർഷമെടുത്ത തീരുമാനത്തിനും ഇപ്പോഴത്തെ വില വർധനവ് തിരിച്ചടിയായി.
എൽഎൻജി വിലയിലുണ്ടായ ഇരട്ടിപ്പ് രാസവളം — വൈദ്യുതി ഉല്പാദന കേന്ദ്രങ്ങൾക്കു വലിയ ഇരുട്ടടിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലഘട്ടങ്ങളിലുണ്ടായ വിലവര്‍ധനയാല്‍ രാസവളം വാങ്ങാനാവാതെ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയാവുന്ന നടപടി കൂടിയാണ് എല്‍എന്‍ജിയുടെ വന്‍ വില വര്‍ധന.
കേരളത്തില്‍ പൊതുമേഖലയിലുള്ള ഫാക്ടും അന്യസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രാസവളം നിര്‍മ്മാണശാലകളായ എന്‍എഫ്എല്‍, എംഎഫ്എല്‍, സ്പിക്, ക്രിപ്കോ, ഇഫ്കോ, ജിഎസ്എഫ്‌സി, കോറമണ്ഡല്‍, നാഗാര്‍ജ്ജുന തുടങ്ങിയ കമ്പനികളും ഇന്ധനം എല്‍എന്‍ജിയിലേക്ക് മാറ്റിയിരുന്നു. ഇന്ധന ചെലവ് 40 ശതമാനത്തോളം കുറയുമെന്നതിനാലാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ വന്‍കിട ഫാക്ടറികളില്‍ പലതും എല്‍എന്‍ജിയിലേക്ക് മാറിയത്. കേന്ദ്ര സര്‍ക്കാരിന്റെ വില നിയന്ത്രണമുണ്ടെങ്കില്‍ പോലും ആ കമ്പനികള്‍ക്കും രാസവളത്തിന്റെ വില സമീപ ദിവസങ്ങളില്‍ തന്നെ വര്‍ധിപ്പിക്കേണ്ടി വരും. യൂറിയയും എന്‍പികെ വളങ്ങളും അമോണിയം സള്‍ഫേറ്റും പ്രധാനമായി ഉപയോഗിക്കുന്ന കേരളത്തിലെ കര്‍ഷകര്‍ ഈ നടപടിയെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
രാജ്യത്തെ വൈദ്യുതി ഉല്പാദന, വിതരണ മേഖലയെയും തകര്‍ക്കുന്ന നടപടിയാണ് എല്‍എന്‍ജി വിലവര്‍ധനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മിക്ക വൈദ്യുതോല്പാദന കേന്ദ്രങ്ങളിലെയും പ്രധാന ഇന്ധനം എല്‍എന്‍ജി ആണെന്നിരിക്കെ വരും ദിവസങ്ങളില്‍ വില കൂടുമെന്നുറപ്പ്. കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.